Breaking NewsCrimeLead NewsNEWSNewsthen Special

കെ.എം. എബ്രഹാമിന് എതിരായ സിബിഐ അന്വേഷണം: തട്ടിപ്പുകള്‍ നടന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്; പ്രതിഷേധങ്ങളില്ലാതെ പ്രതിപക്ഷം; ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹര്‍ജി നല്‍കിയത് ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെ; പ്രമുഖ മാധ്യമ കുടുംബാംഗത്തിന്റെ വാദങ്ങള്‍ കോടതിയില്‍ തകര്‍ന്നത് ഇങ്ങനെ

കൊച്ചി: വരവില്‍ കവിഞ്ഞു സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരേ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടും കാര്യമായ പ്രതികരങ്ങളില്ലാതെ പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറിയും സ്വര്‍ണക്കടത്തു കേസില്‍ പ്രതിയുമായ എം. ശിവശങ്കറിന്റെ കേസ് വിവാദമാക്കിയ പ്രതിപക്ഷം എന്തുകൊണ്ടു മൗനത്തിലായെന്ന ചോദ്യമുന്നയിക്കുകയാണു സോഷ്യല്‍ മീഡിയ. ഇന്നലെ ഹൈക്കോടതി എബ്രഹാമിനെതിരേ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നിലവില്‍ കിഫ്ബിയുടെ സിഇഒ ആണ്. ഇതിനു പുറമേ, പ്രമുഖ മാധ്യമ കുടുംബത്തിലെ അംഗം കൂടിയാണ് കണ്ടത്തില്‍ മാത്യു എബ്രഹാം എന്ന കെ.എം. എബ്രഹാം.

2011 മുതല്‍ 2016 വരെ ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാരാണു ഭരിച്ചത്. ഇക്കാലത്താണു കേസിന് ആസ്പദമായ സ്വത്തു സമ്പാദനം നടന്നത്. ഇപ്പോഴത്തെ ബിജെപി നേതാവും അന്നത്തെ വിജിലന്‍സ് ഡയറക്ടറുമായിരുന്ന ജേക്കബ് തോമസ് ആണു കേസ് അന്വേഷിച്ചു തെളിവില്ലെന്നു കണ്ടെത്തിയത്. ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ച് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണ മുന നീട്ടുകയാണു മാധ്യമങ്ങളെന്നും സോഷ്യല്‍ മീഡിയയിലെ ഇടതുപക്ഷം വാദിക്കുന്നു. 2016 മേയ് 25ന് ആണു പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.

കെ.എം. എബ്രഹാം 2015-ല്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി ആയിരുന്ന കാലഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വാദം പൂര്‍ത്തിയാക്കിയത്. കൊച്ചി സിബിഐ യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിര്‍ദേശം ഹൈക്കോടതി നല്‍കിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018-ലാണ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് കെ. ബാബു അടങ്ങുന്ന സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ശമ്പളത്തെക്കാള്‍ കൂടുതല്‍ തുക എല്ലാ മാസവും ലോണ്‍ അടയ്ക്കുന്നത് എങ്ങനെയെന്ന് കെ.എം. എബ്രഹാം മറുപടി പറയണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. കൂടാതെ ഒട്ടനവധി സ്ഥലങ്ങളില്‍ കോടികള്‍ വിലവരുന്ന വസ്തുവകകള്‍ കെ.എം. എബ്രഹാംവാങ്ങിക്കൂട്ടിയെന്നും ആരോപണം ഉണ്ടായിരുന്നു.

Signature-ad

നിലവില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കിഫ്ബി സിഇഒ എന്നി പദവികളില്‍ തുടരുകയാണ് കെ.എം. എബ്രഹാം. കൊച്ചി സിബിഐ യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിര്‍ദേശം ഹൈക്കോടതി നല്‍കിയത്. സംസ്ഥാന വിജിലന്‍സ് കെഎം എബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് കെ.എം. എബ്രഹാമിന്റെ വീട് അളന്നതും ചോദ്യം ചെയ്തതും വിവാദമായിരുന്നു. ഐഎഎസുകാര്‍ സമരത്തിലേക്ക് നീങ്ങാന്‍ കാരണവും ഈ അന്വേഷണമായിരുന്നു.

കോളേജ് പ്രഫസര്‍മാരായിരുന്ന അച്ഛന്റെയും അമ്മയുടെയും പെന്‍ഷന്‍ കിട്ടുന്ന രൂപയുടെ സഹായത്താല്‍ ആണ് ലോണ്‍ അടച്ച് തന്റെ ജീവിതം കഴിച്ചുകൂട്ടി മുന്നോട്ട് നീക്കുന്നത് എന്ന് കെ.എം. എബ്രഹാം കോടതിയില്‍ പറയുകയും ചെയ്തു. അതേസമയം കെ. എം. എബ്രഹാമിന്റെ അച്ഛനുമമ്മയും വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരിച്ചു പോയിട്ടും അത് മറച്ചുവച്ചിട്ടാണ് കോടതിയില്‍ കള്ളം പറഞ്ഞതെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ഇതാണ് വിധിയിലേക്ക് കാര്യങ്ങളെത്തിച്ചത്. മുംബൈ നഗരത്തിലുള്ള 3 കോടി വില വരുന്ന ഫ്ലാറ്റും, ഒരുകോടി വിലയുള്ള തിരുവനന്തപുരം വഴുതക്കാട് ഉള്ള മില്ലെനിയും അപാര്‍ട്ട്മെന്റിന്റെ ലോണും ആണ് എല്ലാ മാസവും കൃത്യമായി അടയ്ക്കുന്നത്.

എട്ടു കോടി വിലവരുന്ന കൊല്ലം കടപ്പാക്കടയിലുള്ള മൂന്നു നില ഷോപ്പിംഗ് കോംപ്ലക്സ് സഹോദരന്റെ പേരിലായതിനാല്‍ ആണ് തന്റെ പ്രോപ്പര്‍ട്ടി സ്റ്റേറ്റ്മെന്റില്‍ ഉള്‍പ്പെടുത്താതെന്നും വിജിലന്‍സിന് കെ.എം. എബ്രഹാം നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഓണര്‍ഷിപ്പ് കെ.എം. എബ്രഹാമിന്റെ പേരിലാണ് എന്ന് തെളിയിക്കുന്ന ഓണര്‍ഷിപ് സര്‍ട്ടിഫിക്കറ്റ് കൊല്ലം കോര്‍പറേഷനില്‍ നിന്നും ഹര്‍ജികാരന്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. കെ.എം. എബ്രഹാം സ്വത്ത് വിവരം മറച്ചുവച്ച് കളവ് പറഞ്ഞുവെന്ന് ഹര്‍ജികാരന്‍ കോടതിയില്‍ വാദിച്ചു. ഇതെല്ലാം കേസിനെ സ്വാധീനിച്ചു.

കെ.എം. എബ്രഹാം സിവില്‍ സര്‍വീസില്‍ പ്രവേശിച്ചതു മുതല്‍ നാളിതുവരെ ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാരുടെ 1968 ലെ പെരുമാറ്റച്ചട്ടം റൂള്‍ 16 പ്രകാരം വര്‍ഷംതോറും ചീഫ് സെക്രട്ടറിക്ക് നല്‍കേണ്ട പതിനയ്യായിരം രൂപയില്‍ കൂടുതല്‍ വരുന്ന മൂവബിള്‍ ആന്‍ഡ് ഇമ്മോവബിള്‍ പ്രോപ്പര്‍ട്ടി സ്റ്റേറ്റ്മെന്റില്‍ കെ എം എബ്രഹാമിന്റെ ഭാര്യയുടെയും, ആശ്രിതരായ രണ്ട് മക്കളുടെയും പ്രോപ്പര്‍ട്ടിസ്റ്റേറ്റ്മെന്റ് ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ ഒരിക്കല്‍ പോലും ഫയല്‍ ചെയ്തിട്ടില്ലന്ന് വിവരാവകാശ നിയമപ്രകാരം തെളിയിക്കുന്ന രേഖകള്‍ വെളിവായതിന്റെ അടിസ്ഥാനത്തില്‍ കെ.എം. എബ്രഹാമിനെതിരെ അതീവ ഗുരുതരമായ വീഴ്ചയും കൃത്യവിലോപവും നടന്നതായി ഹര്‍ജിക്കാരന്‍ ചൂണ്ടികാട്ടി 2015 മെയ് 25 മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു.

പ്രസ്തുത പരാതിയിന്മേല്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും കെ.എം. എബ്രഹാമിനോട് വിശദീകരണം ചോദിച്ചു. തുടര്‍ന്ന് 2015 ജൂണ്‍ 10ന് കെ.എം. എബ്രഹാം ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ മറുപടി ഫയല്‍ ചെയ്തു. തന്റെ ഭാര്യ ഷേര്‍ളി എബ്രഹാമിന് ദൈന്യംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ഡ്രസ്സുകള്‍ അല്ലാതെ മറ്റ് മൂവബിള്‍ ആന്‍ഡ് ഇമ്മോവാബിള്‍ പ്രോപ്പര്‍ട്ടി ഒന്നുമില്ലാത്തത് കൊണ്ടാണ് പ്രോപ്പര്‍ട്ടി സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്യാത്തതെന്ന മറുപടിയാണു ഫയല്‍ ചെയ്തത്.

പിന്നീട് നടന്ന വിജിലന്‍സ് അന്വേഷണത്തില്‍ ഭാര്യ ഷേര്‍ളിയുടെ ബാങ്ക് ലോക്കറില്‍ 100 പവന്റെ സ്വര്‍ണവും ലക്ഷക്കണക്കിന് രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങിയതിന്റെയും രേഖയും ഷേര്‍ളി എബ്രഹാമിന്റെ ഫെഡറല്‍ ബാങ്ക് ( നന്ദന്‍കോട് ബ്രാഞ്ച്) അക്കൗണ്ടില്‍ കോടിക്കണക്കിനു രൂപയുടെ ട്രാന്‍സാക്ഷന്‍ നടന്നതിന്റ ഡീറ്റൈല്‍സ് വിജിലന്‍സ് കണ്ടെത്തിയതിന്റെ രേഖകള്‍ ഹര്‍ജിക്കാരന്‍ ഹൈകോടതിയില്‍ ഹാജരാക്കി. കെ.എം. എബ്രഹാമിന്റെ രണ്ട് മക്കളുടെ കല്യാണം നടത്തിയതില്‍ ചിലവായ തുക ബന്ധുക്കളില്‍നിന്ന് പിരിവ് എടുത്താണ് നടത്തിയതെന്ന് കെ.എം. എബ്രഹാമിന്റെ ഭാര്യ ഷേര്‍ളി വിജിലന്‍സിന് നല്‍കിയ മൊഴി വിശ്വസിക്കാനാവില്ലെന്നു ഹര്‍ജിക്കാരന്‍ കോടതിയില്‍ വാദിച്ചു.

1988 മുതല്‍ 1994 വരെയുള്ള ആറ് വര്‍ഷകാലയളവില്‍ കെ.എം. എബ്രഹാം പ്രോപ്പര്‍ട്ടി സ്റ്റേറ്റ്മെന്റ് ചീഫ് സെക്രെട്ടറിക്ക് ഫയല്‍ ചെയാത്തതിനെതിരെ ഹര്‍ജിക്കാരന്‍ പരാതിയില്‍ ചൂണ്ടികാട്ടിയപ്പോള്‍ പ്രോപ്പര്‍ട്ടി സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്യാത്തത് അമേരിക്കയില്‍ ഉപരിപഠനത്തിന് പോയതിനാലും ആ കാലഘട്ടത്തില്‍ ഇമെയില്‍ നിലവിലില്ലാത്തതിനാലുമാണ് പ്രോപ്പര്‍ട്ടി സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്യാന്‍ കഴിഞ്ഞില്ലന്നുമായിരുന്നു കെ.എം. എബ്രഹാമിന്റെ മറുപടി. എന്നാല്‍ 1971 ല്‍ ഇമെയില്‍ നിലവില്‍ വന്നതിന്റെ രേഖയും ഹര്‍ജിക്കാരന്‍ കോടതിക്ക് കൈമാറുകയും കൂടാതെ, തപാല്‍ മാര്‍ഗ്ഗം മൂലമോ, തിരികെ നാട്ടിലെത്തിയപ്പോഴോ നേരിട്ടോ,പ്രോപ്പര്‍ട്ടി സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയാമായിരുന്നെന്നും ഹര്‍ജികാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: