
കാസര്‍കോട്: മഞ്ചേശ്വരത്ത് ആള്‍മറയില്ലാത്ത കിണറ്റിനകത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. മൃതദേഹത്തില്‍ വെട്ടേറ്റ പാടുകള്‍ കണ്ടെത്തി. മംഗളൂരുവിലെ ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഷെരീഫിനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്.
ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കര്‍ണ്ണാടക, മുല്‍ക്കി, കൊളനാട് സ്വദേശിയും മംഗ്‌ളൂരുവിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷെരീഫി (52)നെ ഇന്നലെ രാത്രിയോടെയാണ് മഞ്ചേശ്വരം അടുക്കപ്പള്ളയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം, ബേഡകത്ത് യുവതിയെ കടക്കുള്ളില്‍ വച്ച് ടിന്നര്‍ ഒഴിച്ച് തീകൊളുത്തി. പലചരക്ക് കട നടത്തുന്ന രമിതയ്ക്കാണ് (27) പൊള്ളലേറ്റത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമിതയുടെ കടയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഫര്‍ണീച്ചര്‍ കട നടത്തിപ്പുകാരനായ തമിഴ്‌നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം (57) ആണ് കഴിഞ്ഞ ദിവസം യുവതിയെ ആക്രമിച്ചത്.
ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാമാമൃതം മദ്യപിച്ച് കടയില്‍ വന്ന പ്രശ്‌നമുണ്ടാക്കുന്നത് രമിത കെട്ടിട ഉടമസ്ഥനോട് പരാതി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് രാമാമൃതത്തോട് കടമുറി ഒഴിയാന്‍ കെട്ടിട ഉടമ ആവശ്യപ്പട്ടു. ഇതിന്റെ വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.






