KeralaNEWS

‘വിറയാര്‍ന്ന കൈകളില്‍ മകളുടെ ഫോട്ടോ മുറുകെ പിടിച്ച്… ശങ്കരനാരായണന്‍ ജീവിച്ചു തീര്‍ത്തു’

മലപ്പുറം: മകളോടുള്ള ഒരു പിതാവിന്റെ അനന്തമായ സ്നേഹത്തിന്റെ പ്രതീകമായിരുന്ന ശങ്കരനാരായണന്‍ വിട പറഞ്ഞെങ്കിലും നാട്ടുകാരുടെ മനസില്‍ ഇനിയും ഒരു ഓര്‍മ്മയായി അദ്ദേഹം ജീവിക്കും. മഞ്ചേരിയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനായ ചാരങ്കാവ് തെക്കെ വീട്ടില്‍ ശങ്കരനാരായണന്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് ഇന്നലെ മരിച്ചത്. മകളെ കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ചുകൊന്ന് പ്രതികാരം തീര്‍ത്ത അച്ഛന്‍ എന്ന നിലയിലാണ് ശങ്കരനാരായണനെ എല്ലാവരും ഓര്‍ക്കുന്നത്. കേസില്‍ കീഴ്ക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി ശങ്കരനാരായണനെ വെറുതെ വിടുകയായിരുന്നു.

2001 ഫെബ്രുവരിയിലാണ് ശങ്കരനാരായണന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം ഉണ്ടായത്. അന്ന് ഉച്ചയ്ക്ക് ശേഷം ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ സ്‌കൂളില്‍ നിന്ന് മടങ്ങുമ്പോള്‍, അയല്‍വാസിയായ ചാരങ്കാവ് കുന്നുമ്മലിലെ മുഹമ്മദ് കോയ ആണ് (24) കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഒരു സംസ്ഥാനത്തിന്റെ മുഴുവന്‍ മനസ്സാക്ഷിയെയും പിടിച്ചുലച്ച സംഭവത്തില്‍ പ്രതിയെ ഉടന്‍ പിടികൂടി. എന്നാല്‍ പിന്നീട് ജാമ്യത്തില്‍ വിട്ടു. 2002 ജൂലൈ 27 ന് ഒരു വെടിയുണ്ട പ്രതിയുടെ ജീവന്‍ അപഹരിച്ചു. ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനാണ് ഇതിന് പിന്നിലെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.

Signature-ad

സംഭവത്തില്‍ അറസ്റ്റിലായ ശങ്കരനാരായണനെ മഞ്ചേരി സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാല്‍ 2006ല്‍ കേരള ഹൈക്കോടതി വ്യക്തമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. 2001-ലെ ആ നിര്‍ഭാഗ്യകരമായ ദിവസം മുതല്‍, ശങ്കരനാരായണന്‍ തകര്‍ന്ന മനസുമായാണ് ജീവിച്ചത് എന്ന് നാട്ടുകാര്‍ പറയുന്നു.

ദുഃഖത്താല്‍ തകര്‍ന്ന ഒരു പിതാവായിട്ടായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം. ശങ്കരനാരായണനുമായുള്ള ഓരോ സംസാരവും ഒടുവില്‍ മകളിലാണ് എത്തിയിരുന്നതെന്നും നാട്ടുകാര്‍ ഓര്‍ക്കുന്നു.

”അവന്‍ വരാന്തയില്‍ ഇരിക്കും, വിറയ്ക്കുന്ന കൈകളില്‍ മകളുടെ ഫോട്ടോ മുറുകെ പിടിച്ച് കൊണ്ടാണ് ഇരിക്കുന്നത്. അവന്‍ ഒരിക്കലും അവളെ കുറിച്ച് ഓര്‍ത്ത് വിലപിക്കുന്നത് നിര്‍ത്തിയിരുന്നില്ല. അവസാന ശ്വാസം വരെ, ആ കുട്ടിയുടെ ഓര്‍മ്മയില്‍ ജീവിച്ചു,”- പൂവ്വഞ്ചേരിയിലെ അയല്‍ക്കാരന്‍ പറഞ്ഞു.

ശങ്കരനാരായണനെ എല്ലാവരും ഓര്‍ക്കുന്നത് അദ്ദേഹം പറഞ്ഞ വാക്കുകളുടെ പേരിലല്ല. മറിച്ച് മകളെ നഷ്ടപ്പെട്ടതില്‍ ശങ്കരനാരായണന്‍ പ്രകടിപ്പിച്ച ദുഃഖത്തിന്റെ പേരിലാണ്. സംഭവത്തിന് ശേഷം അപൂര്‍വ്വമായി മാത്രമേ ശങ്കരനാരായണന്‍ പുറത്തിറങ്ങിയിരുന്നുള്ളൂ. നിശബ്ദതയും ഓര്‍മ്മകളുമായിരുന്നു അദ്ദേഹത്തിന്റെ കൂട്ട്. നാട്ടുകാര്‍ക്ക് അദ്ദേഹം ശങ്കരനാരായണന്‍ മാത്രമായിരുന്നില്ല, മറ്റുള്ളവര്‍ ചെയ്യാന്‍ ധൈര്യപ്പെടാതിടത്ത് ധീരതയുടെ പര്യായമായാണ് അദ്ദേഹത്തെ നാട്ടുകാര്‍ കാണുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: