Breaking NewsMovie

‌‌ ‘ബെസ്റ്റ് വിഷസ് ഡിയർ ഇച്ചാക്ക ആൻഡ് ടീം’ ബസൂക്കയ്ക്ക് ആശംസകളുമായി മോഹൻലാലും, പൃഥ്വിരാജും

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ‘ബസൂക്ക’ നാളെ പുറത്തിറങ്ങും. കാത്തിരിപ്പിന് ആവേശം വർധിപ്പിച്ച് റിലീസിന് മണിക്കൂറുകൾക്ക് മുമ്പ് ചിത്രത്തിന്റെ ഗംഭീര ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞ പ്രീ റിലീസ് ട്രെയിലർ പുറത്തുവന്നിരുന്നു.

ഇതോടെ മലയാളത്തിന്റേയും തന്റേയും പ്രിയപ്പെട്ട മമ്മൂട്ടിയുടെ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. പ്രീ റിലീസ് ട്രെയിലർ പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ ‘ഇച്ചാക്കയ്ക്ക്’ ആശംസകൾ നേർന്നത്. ‘ബെസ്റ്റ് വിഷസ് ഡിയർ ഇച്ചാക്ക ആൻഡ് ടീം’, എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ ലിങ്ക് ഷെയർ ചെയ്തത്.

Signature-ad

അതേസമയം എമ്പുരാന്റെ സംവിധായകനും നടനുമായ പൃഥ്വിരാജും ‘ബസൂക്ക’ പ്രീ റിലീസ് ട്രെയിലർ പങ്കുവെച്ച് ആശംസ നേർന്നിട്ടുണ്ട്. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ‘ബസൂക്ക’ നിർമിച്ചിരിക്കുന്നത്. വമ്പൻ ആഗോള റിലീസായി എത്തുന്ന ‘ബസൂക്ക’ കേരളത്തിലെ മുന്നൂറോളം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നതെന്നാണ് സൂചന. ബിഗ് ബജറ്റ് ചിത്രമായി ഒരുക്കിയ ‘ബസൂക്ക’ മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലറായാണ് അവതരിപ്പിക്കുന്നത്. അൾട്രാ സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് ടീസർ, ട്രെയ്ലർ, പോസ്റ്ററുകൾ എന്നിവ സൂചിപ്പിക്കുന്നു.

മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും നിർണായകമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ബെഞ്ചമിൻ ജോഷ്വാ എന്ന് പേരുള്ള പോലീസ് ഓഫീസർ കഥാപാത്രമായാണ് ഗൗതം മേനോൻ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

അതേസമയം കഴിഞ്ഞ മാസം പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം എമ്പുരാൻ മലയാള സിനിമയിൽ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ്. എമ്പുരാൻ ഇറങ്ങിയപ്പോൾ മോഹൻലാൽ ചിത്രത്തിന് ആശംസയുമായി മമ്മൂട്ടി എത്തിയിരുന്നു. ‘ചരിത്ര വിജയം സൃഷ്ടിക്കാനൊരുങ്ങുന്ന എമ്പുരാൻ സിനിമയിലെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ആശംസകൾ അറിയിക്കുന്നു. ലോകത്തിലെ എല്ലാ അതിർത്തികളും ഭേദിച്ച് മലയാള സിനിമാ വ്യവസായത്തിന് ആകമാനം അഭിമാനമാകുന്ന ചിത്രമാകുമെന്ന് പ്രതീക്ഷിക്കുന്നു. മോഹൻലാലിനും പൃഥ്വിരാജിനും എല്ലാ പിന്തുണയും ആശംസയും അറിയിക്കുന്നു’, എന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: