
തിരുവനന്തപുരം: രണ്ടു ദിവസം മുന്‍പ് വെഞ്ഞാറമൂട്ടില്‍നിന്നു കാണാതായ പതിനാറുകാരനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് തൈക്കാട് മുളം കുന്ന് ലക്ഷം വീട്ടില്‍ അനില്‍ കുമാറിന്റെയും മായയുടെയും മകനായ അര്‍ജുന്റെ (16) മൃതദേഹമാണ് കിണറ്റില്‍നിന്നു കണ്ടെത്തിയത്.
അര്‍ജുനെ തിങ്കളാഴ്ച വൈകിട്ട് 6 ന് ശേഷം കാണാനില്ലെന്നു കാട്ടി കുടുംബം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും നാട്ടുകാരും ഊര്‍ജിതമായി അന്വേഷണം നടത്തി വരുകയായിരുന്നു.

ഇന്നു രാവിലെയാണ് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍നിന്നു മൃതദേഹം കണ്ടെത്തിയത്. വെഞ്ഞാറമൂട് പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്ത് എത്തി മൃതദേഹം പുറത്തെടുത്തു.