നിലമ്പൂരില്‍ പോരാട്ടം തീപാറും; രണ്ടുവട്ടം നടത്തിയ സര്‍വേയിലും കനഗോലുവിന്റെ പിന്തുണ ആര്യാടന്‍ ഷൗക്കത്തിന്; എല്‍ഡിഎഫില്‍ ഫുട്‌ബോള്‍ താരത്തിന് ആദ്യ പരിഗണന; ചരടുവലിച്ച് പി.വി. അന്‍വര്‍; തലയെണ്ണി കണക്കെടുത്ത്, തന്ത്രം മെനഞ്ഞ് ‘വാര്‍’ റൂമുകള്‍

മലപ്പുറം: പി.വി. അന്‍വറിന്റെ രാജിക്കു പിന്നാലെ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്ന നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയ രണ്ടു സര്‍വേകളിലും സാമുദായിക സമവാക്യത്തിലും ഷൗക്കത്തിനാണു മുന്‍തൂക്കം. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണു ഷൗക്കത്ത്. യുഡിഎഫില്‍നിന്ന് അടര്‍ത്തിമാറ്റി ഷൗക്കത്തിനെ എല്‍ഡിഎഫ് സ്വതന്ത്രനാക്കി മത്സരിക്കാനുള്ള നീക്കം ഇടതുപക്ഷം നടത്തിയിരുന്നു.
തൃക്കാക്കരയിലും പാലക്കാട്ടും സിറ്റിംഗ് സീറ്റില്‍ വിജയിച്ച യുഡിഎഫിന് നിലമ്പൂരിന്റെ രസതന്ത്രം അത്ര എളുപ്പമാകില്ല. ഇവിടെ മറ്റൊരു സ്വതന്ത്രനെ ഇറക്കി സീറ്റു പിടിക്കാനാണ് സിപിഎം നീക്കം. ഇരുപക്ഷത്തിനും നിലമ്പൂര്‍ നിര്‍ണായകമാണ്. ഇടതു ഭരണത്തിന്റെ വിലയിരുത്തലായും വിധി നിര്‍ണയിക്കപ്പെടും. എം. സ്വരാജിന്റെ നേതൃത്വത്തില്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ ആരംഭിച്ചു. ഇരുവിഭാഗങ്ങളും മണ്ഡലത്തിലെ വോട്ടര്‍മാരുടെ തലയെണ്ണിയുള്ള കണക്കെടുപ്പാണ് ഇപ്പോള്‍ നടത്തുന്നത്. ലഭിക്കുന്നവ, ലഭിക്കാത്തവ, സാധ്യതയുള്ളവ എന്നിവ തിരിച്ച് പ്രത്യേകം തന്ത്രങ്ങള്‍ മെനയും

എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ ഉള്‍പ്പെടുന്നതാണു നിലമ്പൂര്‍. രാഷ്ട്രീയ തന്ത്രജ്ഞന്‍ കനഗോലുവിന്റെ സംഘം രണ്ടുവട്ടം സര്‍വേ നടത്തി റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിനു സമര്‍പ്പിച്ചിട്ടുണ്ട്. ഇതിലെല്ലാം ഷൗക്കത്തിനു തന്നെയാണു മുന്‍തൂക്കം. രാഷ്ട്രീയ- സിനിമാ രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ചതും നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയര്‍മാന്‍ പദവികളില്‍ ഇരുന്നപ്പോള്‍ നടപ്പാക്കിയ പദ്ധതികളും സാമുദായിക സമവാക്യവും ഷൗക്കത്തിനെ തുണച്ചു.
വര്‍ഗീയതയ്‌ക്കെതിരേ ശക്തമായ നിലപാടെടുക്കുന്ന, ഇതര മതവിഭാഗക്കാരനും സ്വീകാര്യനാണ് ഷൗക്കത്ത്. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള വിഭാഗങ്ങള്‍ക്കെതിരേ ആര്യാടന്‍ മുഹമ്മദും ഉറച്ച നിലപാടാണ് എടുത്തത്. സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുള്ള ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെ ഒരു വര്‍ഷത്തിനുശേഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ തവനൂര്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കും.
ആര്യാടന്‍ ഷൗക്കത്ത് 2016ല്‍ നിലമ്പൂരില്‍ പി.വി അന്‍വറിനോട് 11,504 വോട്ടിനാണ് പരാജയപ്പെട്ടത്. പിന്നീട് അഞ്ചുവര്‍ഷം നിലമ്പൂരില്‍ സജീവമായിട്ടും 2021ല്‍ ആര്യാടന്‍ ഷൗക്കത്തിനു പകരം ഡിസിസി പ്രസിഡന്റ് വി.വി പ്രകാശിനാണ് സീറ്റ് നല്‍കിയത്. ഷൗക്കത്തിനു ഡിസിസി പ്രസിഡന്റ് സ്ഥാനം നല്‍കി. തെരഞ്ഞെടുപ്പിനു പിന്നാലെ സ്ഥാനത്തുനിന്നു നിന്നു നീക്കിയെങ്കിലും വിവാദത്തിനു നിന്നില്ല. ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടാല്‍ അത് സിപിഎമ്മിന് ആയുധമാകുമെന്ന ആശങ്കയും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.
നിലമ്പൂരില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് സിപിഎം നീക്കം. കോണ്‍ഗ്രസിലെ പൊട്ടിത്തെറിയില്‍ സ്വതന്ത്ര്യനെ കിട്ടിയില്ലെങ്കില്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ യു. ഷറഫലി, ആര്യാടന്‍ മുഹമ്മദിനെതിരേ ഇടതു സ്വതന്ത്രനായിരുന്ന തോമസ് മാത്യു എന്നിവരാണ് സിപിഎമ്മിന്റെ പരിഗണനയിലുള്ളത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ സാമുദായിക സമവാക്യം പരിഗണിച്ച് ജില്ലാ പഞ്ചായത്തംഗം ഷൊറോണ റോയി, സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വി.എം ഷൗക്കത്ത്, നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം എന്നിവരിലാര്‍ക്കെങ്കിലും നറുക്കുവീണേക്കാം. അതുമല്ലെങ്കില്‍ പുതിയൊരു സ്വതന്ത്ര്യനെ പയറ്റാനും സാധ്യതയുണ്ട്. നിലമ്പൂര്‍ വിജയിച്ചാല്‍ സിപിഎം സീറ്റ് പിടിച്ചെടുത്തെന്ന രാഷ്ട്രീയ നേട്ടംമാത്രമല്ല ഭരണമാറ്റമെന്ന പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ടാകും. നിലമ്പൂര്‍ നിലനിര്‍ത്തിയാല്‍ പി.വി അന്‍വര്‍ ഒന്നുമല്ലെന്നും മൂന്നാം ഭരണത്തിന്റെ മുന്നൊരുക്കമായും സിപിഎമ്മിനു കണക്കാക്കാം. യുഡിഎഫ് സ്ഥാനാര്‍ഥിക്കു നിരുപാധികം പിന്തുണ നല്‍കുമെന്നാണു പി.വി. അന്‍വറിന്റെ നിലപാട്.