സംഗീത നാടക അക്കാദമിയില്‍ പ്രഫഷണല്‍ നാടകമത്സരത്തിന് 26ന് തുടക്കം; കോഴിക്കോട് രംഗഭാഷയുടെ മിഠായി തെരുവ് ആദ്യ നാടകം; 30വരെ എല്ലാ ദിവസവും രണ്ടു നാടകങ്ങള്‍; പ്രവേശനം സൗജന്യം

തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയില്‍ മെയ് 26 മുതല്‍ 30 വരെ സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം നടക്കും. രൂപത്തിലും ഭാവത്തിലും നവീനത ഉള്‍ക്കൊള്ളുന്ന,കലാമൂല്യത്തിന് മുന്‍ഗണന നല്‍കിയ നാടകങ്ങളാണ് പ്രൊഫഷണല്‍ നാടകമത്സരത്തില്‍ മാറ്റുരയ്ക്കുന്നത്.എല്ലാദിവസവും രാവിലെ10.30 നും വൈകീട്ട് ആറിനുമായി കെ.ടി.മുഹമ്മദ് തിയേറ്ററില്‍ നാടകങ്ങള്‍ അരങ്ങേറും. ഇന്ന് (മെയ് 26 ) രാവിലെ 9.30 ന് നാടകമത്സരം പ്രശസ്ത സിനിമാസംവിധായകന്‍ കമല്‍ ഉദ്ഘാടനം ചെയ്യും
.ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അധ്യക്ഷത വഹിക്കും.അക്കാദമി നിര്‍വ്വാഹക സമിതി അംഗം സഹീര്‍ അലി സംസാരിക്കും. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സ്വാഗതവും അക്കാദമി പ്രോഗ്രാം ഓഫീസര്‍ വി.കെ.അനില്‍കുമാര്‍ നന്ദിയും പറയും.ആദ്യദിനമായ ഇന്ന് രാവിലെ 10.30 ന് കോഴിക്കോട് രംഗഭാഷയുടെ മിഠായിതെരുവ്, വൈകുന്നേരം ആറിന് കൊച്ചിന്‍ ചന്ദ്രകാന്തയുടെ ഉത്തമന്റെ സങ്കീര്‍ത്തനം എന്നീ നാടകങ്ങള്‍ അരങ്ങേറും.

നാടകമത്സരത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ് . ഇന്ന് രാവിലെ 9.30 ന് മുമ്പായി പ്രേക്ഷകര്‍ നാടകമത്സരം കാണുന്നതിന് കെ.ടി.മുഹമ്മദ് തിയേറ്ററില്‍ എത്തിച്ചേരണമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി അഭ്യര്‍ത്ഥിച്ചു