Breaking NewsMovie

രാം ചരൺ- ജാൻവി കപൂർ- ബുചി ബാബു സന ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ ഫസ്റ്റ് ഷോട്ട് പുറത്ത്; ചിത്രം 2026 മാർച്ച് 27 തീയറ്ററുകളിലേക്ക്

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോയും റിലീസ് തീയതിയും പുറത്ത്. ‘പെദ്ധി’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 27, 2026 നാണ്. ശ്രീരാമ നവമി ആഘോഷങ്ങൾ പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോ ഇന്ന് റിലീസ് ചെയ്തത്. ബുചി ബാബു സന ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും നിർണ്ണായക വേഷം ചെയ്യുന്നുണ്ട്.

ഒരു വലിയ ജനക്കൂട്ടം ആർത്തുവിളിക്കുന്ന അതിശയിപ്പിക്കുന്ന ഒരു അന്തരീക്ഷത്തോടെയാണ് ഫസ്റ്റ് ഷോട്ട് ആരംഭിക്കുന്നത്. സിഗരറ്റ് വലിച്ച് കൊണ്ട്, തോളിൽ തൂക്കിയിട്ട ബാറ്റും വഹിച്ചുകൊണ്ട്, ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സമാനതകളില്ലാത്ത ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന പെദ്ധിയായി രാം ചരൺ രംഗപ്രവേശം നടത്തുന്നതാണ് ഫസ്റ്റ് ഷോട്ട് വീഡിയോയിൽ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിൻ്റെ സംഭാഷണ പ്രകടനം ശാശ്വത സ്വാധീനം ചെലുത്തുന്ന ഒരു ശക്തമായ പ്രസ്താവനയായാണ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ സത്തയും ലോകവീക്ഷണവും ഉൾക്കൊള്ളുന്ന രീതിയിലാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. വിശാലമായ നെൽപ്പാടങ്ങളിലൂടെയുള്ള അദ്ദേഹത്തിൻ്റെ ഓട്ടം, ചാട്ടം, ഒടുവിൽ ക്രിക്കറ്റ് മൈതാനത്തേക്ക് കാലെടുത്തുവയ്ക്കുക എന്നിങ്ങനെയുള്ള പെദ്ധിയുടെ ആക്ഷനുകളിലൂടെയാണ് ഫസ്റ്റ് ഷോട്ടിലെ രംഗം വികസിക്കുന്നത്. ക്രീസിൽ നിന്ന് പുറത്തുകടക്കാനും ബാറ്റിന്റെ പിടി നിലത്ത് അടിക്കാനും പന്ത് പാർക്കിൽ നിന്ന് അടിച്ച് അകറ്റാനും ഉള്ള അദ്ദേഹത്തിന്റെ ശക്തമായ നീക്കം ആരാധകർക്ക് രോമാഞ്ചം ഉളവാക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

Signature-ad

രാം ചരണിൻ്റെ കഥാപാത്രത്തിൻ്റെ ശക്തിയും തീവ്രതയും പ്രേക്ഷകരിൽ എത്തിക്കുന്ന രീതിയിലാണ് ചിത്രത്തിന് ‘പെദ്ധി’ എന്ന പേര് നൽകിയിരിക്കുന്നത്. പരുക്കൻ വസ്ത്രം ധരിച്ച്, സിഗരറ്റ് വലിക്കുന്ന രീതിയിൽ വളരെ പരുക്കനായും ഉഗ്ര രൂപത്തിലുമാണ് രാം ചരണിനെ നേരത്തെ പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനായി ഗംഭീരമായ ശാരീരിക പരിവർത്തനത്തിനാണ് അദ്ദേഹം വിധേയനായിരിക്കുന്നത്. അതുപോലെ ചിത്രത്തിൽ അദ്ദേഹം ഉപയോഗിക്കുന്ന സ്‌ലാങ്ങും ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്.

ഉപ്പെന്ന എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ ആണ് ബുചി ബാബു സന. വലിയ ബജറ്റ്, വിസ്മയകരമായ ദൃശ്യങ്ങൾ, ലോകോത്തര നിർമ്മാണ മൂല്യങ്ങൾ, അത്യാധുനിക സാങ്കേതിക മികവ് എന്നിവ ഉപയോഗിച്ച് അഭൂതപൂർവമായ നിലവാരത്തിലാണ് ഈ രാം ചരൺ ചിത്രം അദ്ദേഹം ഒരുക്കുന്നത്. രാം ചരൺ – ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: