യുപിയില്‍ നിയമവാഴ്ച തകര്‍ന്നു; ഈ രീതി തുടര്‍ന്നാല്‍ പിഴ ചുമത്തേണ്ടിവരും; വീണ്ടും രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി; രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം നല്‍കണം

ലക്നൗ: ഉത്തര്‍പ്രദേശ് പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി. യുപിയില്‍ നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നു. സിവില്‍ തര്‍ക്കങ്ങളെ ഗുരുതരവകുപ്പുള്ള ക്രിമിനല്‍ കേസുകളാക്കി മാറ്റുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.

ഇത്തരം രീതി തുടര്‍ന്നാല്‍ യുപി സര്‍ക്കാരിന്മേല്‍ പിഴ ചുമത്തേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് ഡയറക്ടര്‍ ജനറലിനോട് കോടതി നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശിലെ ചില കേസുകളുമായി ബന്ധപ്പെട്ടായിരുന്നു സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. പണം തിരികെ നല്‍കാത്ത കേസും ഇക്കൂട്ടത്തിലുണ്ട്.
കേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ വ്യക്തവും പൂര്‍ണ്ണവുമായ രേഖകള്‍ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഉറപ്പാക്കണമെന്നും കോടതി വിധിച്ചു. അടുത്തമാസമാണ് കേസില്‍ ഇനി വാദം കേള്‍ക്കുക. തുടര്‍ച്ചയായ വിമര്‍ശനമാണ് യുപി സര്‍ക്കാരും പൊലീസും സുപ്രിംകോടതിയില്‍ നിന്ന് നേരിടുന്നത്. നേരത്തെ ബുള്‍ഡോസര്‍ രാജുമായി ബന്ധപ്പെട്ടും സര്‍ക്കാരിനെ സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു.
വീടുകള്‍ പൊളിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി, 60 ലക്ഷം നഷ്ടപരിഹാരവും വിധിച്ചിരുന്നു. 2021ല്‍ പ്രയാഗ് രാജിലെ ആറു വീടുകള്‍ തകര്‍ത്ത സംഭവത്തിലാണ് ഓരോരുത്തര്‍ക്കും പത്തുലക്ഷം വീതം നല്‍കാന്‍ വിധി പറഞ്ഞത്.
2021ല്‍ പ്രയാഗ്രാജില്‍ ഒരു അഭിഭാഷകന്റെയും പ്രൊഫസറുടെയും മറ്റ് മൂന്ന് പേരുടെയും വീടുകള്‍ പൊളിച്ചുമാറ്റിയതിന് ചൊവ്വാഴ്ച സുപ്രീം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും പ്രയാഗ്രാജ് വികസന അതോറിറ്റിയെയും വിമര്‍ശിച്ചു. നടപടി നിയമവിരുദ്ധവും വിവേചനരഹിതവുമാണെന്ന് അത്തരം കേസുകളില്‍ ഓരോന്നിനും ആറ് ആഴ്ചയ്ക്കുള്ളില്‍ 10 ലക്ഷം രൂപ നിശ്ചിത നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച്, ഇത്തരം കേസുകള്‍ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു, അപ്പീല്‍ നല്‍കുന്നവരുടെ വസതികളും പൊളിച്ചുമാറ്റിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. ‘ഈ കേസുകള്‍ നമ്മുടെ മനസാക്ഷിയെ ഞെട്ടിക്കുന്നു. അപ്പീല്‍ നല്‍കുന്നവരുടെ വസതികളും പൊളിച്ചുമാറ്റിയിരിക്കുന്നു- അദ്ദേഹം പറഞ്ഞു.
‘പാര്‍പ്പിടാവകാശം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ അവിഭാജ്യ ഘടകമാണെന്ന് അധികാരികള്‍, പ്രത്യേകിച്ച് വികസന അതോറിറ്റി ഓര്‍മ്മിക്കണം’- ഉത്തരവില്‍ പറയുന്നു. ഇത്തരത്തില്‍ പൊളിച്ചുമാറ്റല്‍ നടത്തുന്നത് നിയമപരമായ വികസന അതോറിറ്റിയുടെ ഭാഗത്തുനിന്നുള്ള വിവേകശൂന്യതയാണ് കാണിക്കുന്നത്’- സുപ്രീംകോടതി വ്യക്തമാക്കി.
നേരത്തെ, പ്രയാഗ്രാജിലെ പൊളിക്കല്‍ നടപടിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഇത് നടത്തിയതെന്ന് കോടതി പറഞ്ഞു. 2023-ല്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഗുണ്ടാ-രാഷ്ട്രീയക്കാരനായ ആതിക് അഹമ്മദിന്റേതാണെന്ന് കരുതി സംസ്ഥാന സര്‍ക്കാര്‍ വീടുകള്‍ തെറ്റായി പൊളിച്ചുമാറ്റിയതായി ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. അഭിഭാഷകനായ സുല്‍ഫിക്കര്‍ ഹൈദര്‍, പ്രൊഫസര്‍ അലി അഹമ്മദ് തുടങ്ങിയവരുടെ വീടുകള്‍ പൊളിച്ചുമാറ്റിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു.
പ്രയാഗ് രാജ് ഡെവലപ്മെന്റ് അഥോറിട്ടിയുമായി ഉണ്ടായിരുന്ന കരാര്‍ 1996ല്‍ അവകദിച്ചെന്നും സ്ഥലം ലീസിനു നല്‍കിയതാണെന്നും യുപി സര്‍ക്കാരിനുവേണ്ടി വാദിച്ചെങ്കിലും കോടതി തള്ളി. സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തില്‍ തര്‍ക്കമുണ്ടായിരുന്നെങ്കില്‍ അതാതു കോടതികളില്‍ തീരുമാനിച്ച ശേഷം മാത്രമാണു നടപടിയെടുക്കേണ്ടിയിരുന്നതെന്നും കോടതി പറഞ്ഞു.