മുനമ്പം ജുഡീഷ്യൽ കമ്മീഷന് തൽക്കാലം പ്രവർത്തനം തുടരാം- ഹൈക്കോടതി

കൊല്ലം: മുനമ്പം ജുഡീഷ്യൽ കമ്മീഷന് തൽക്കാലം പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്‌തുകൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസ് സി രാമചന്ദ്രൻ നായർ കമ്മീഷന് പ്രവർത്തനാനുമതി നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ ഹർജി സമർപ്പിച്ചിരുന്നു. മുനമ്പത്തുകാരുടെ ആശങ്കയ്‌ക്ക് പരിഹാരം കാണാൻ കഴിയും വിധത്തിലുള്ള ശുപാർശകൾ നൽകണമെന്നാണ് സർക്കാർ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. അതിനാൽ, കമ്മീഷൻ തുടരേണ്ടത് അനിവാര്യമാണെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവ് കിട്ടിയതിനു പിന്നാലെ കമ്മീഷൻ പ്രവർത്തനം ഇന്ന് തന്നെ പുനഃരാരംഭിക്കുമെന്ന് മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ പറഞ്ഞു. മേയ് മാസത്തിനകം അന്തിമ റിപ്പോർട്ട് കൈമാറാനാകുമെന്നാണ് പ്രതീക്ഷ. രണ്ട് മാസം കമ്മീഷൻ പ്രവർത്തനം നിലച്ചിരുന്നു. വഖഫ് നിയമ ഭേദഗതി കമ്മീഷന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് കരുതുന്നില്ല. ഭേദഗതി നിലവിൽ വന്നാലും ഓരോ കേസിലും കോടതിയാകും തീരുമാനമെടുക്കുകയെന്നും ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ പറഞ്ഞു.

അതേസമയം സിംഗിൾ ബെഞ്ച് ഉത്തരവ് അനിശ്ചിതത്വം സൃഷ്‌ടിച്ചിരുന്നു. അതിനാൽ, ഡിവിഷൻ ബെഞ്ച് ഉത്തരവ് വരുന്നത് വരെ മുനമ്പം കമ്മീഷന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാണ് സർക്കാർ നൽകിയ ഹർജിയിൽ പറഞ്ഞത്. ഇതനുസരിച്ച് ഇപ്പോൾ ഡിവിഷൻ ബെഞ്ചിന്റെ ഭാഗത്ത് നിന്നും സർക്കാരിന് അനുകൂല നിലപാട് ഉണ്ടായിരിക്കുകയാണ്. ഫെബ്രുവരി 28ന് മുനമ്പം കമ്മീഷന്റെ കാലാവധി കഴിഞ്ഞിരുന്നു. ശേഷം മൂന്ന് മാസത്തേക്ക് കൂടി സർക്കാർ സമയം നീട്ടിക്കൊടുത്തു. ഹൈക്കോടതിയിലടക്കം ഹർജികൾ വന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ പ്രവർത്തനം നിർത്തിവച്ചത്.