Breaking NewsLead NewsNewsthen SpecialSportsTRENDING

ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്ന് ഒഴിവാക്കി; ബുംറയും ഷമിയും ഇല്ലാത്തപ്പോഴും അവഗണിച്ചു; ആദ്യത്തെ ദുഖം മറികടന്ന് സ്വയം പുതുക്കി; കുറവുകള്‍ നികത്തി; കുന്തമുനയായി അയാള്‍ മടങ്ങിയെത്തി; സിറാജ് ഈസ് ബാക്ക്!

ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരേ തീയുണ്ട ബോളുകള്‍ തൊടുത്ത മുഹമ്മദ് സിറാജ്, ടൂര്‍ണമെന്റിലെ ഏറ്റവും അപകടകാരിയായ ബൗളറായി. ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്നടക്കം ഒഴിവാക്കിയതിനു പിന്നാലെ രണ്ടുവര്‍ഷം പുറത്തിരിക്കേണ്ടിവന്ന താരം പക്ഷേ, ഇടവേള മുതലാക്കി കഠനാധ്വാനത്തിലായിരുന്നു. ഇപ്പോള്‍ അയാള്‍ തിരിച്ചെത്തിയിരിക്കുന്നു. ഏറ്റവും മിടുക്കനായി!

നിയന്ത്രിത ഓവറുകളിലടക്കം മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴാണ് അദ്ദേഹം ടീമില്‍നിന്നു പുറത്താകുന്നത്. ബുംറയ്ക്കു പരിക്കേറ്റു കളിക്കാന്‍ കഴിയാതിരുന്നപ്പോള്‍ പോലും 15 അംഗ ടീമില്‍ സിറാജിന് ഇടം ലഭിച്ചില്ല. ഇന്ത്യക്കാവശ്യം ഇന്‍ടുദി പിച്ച് ബൗളറെയായിരുന്നു. ആ സ്ഥാനത്തേക്ക് സ്പിന്നറാണ് ഇടം പിടിച്ചത്. പിന്നീട് ഒരു സീം ബോളര്‍ക്കു മാത്രമായിരുന്നു സ്ഥാനം. അത് മുഹമ്മദ് ഷമിയും കൊണ്ടുപോയി.

Signature-ad

2023 മുതലുള്ള കളികള്‍ പരിശോധിച്ചാല്‍ സിറാജ് മികച്ച ഒരു ബൗളറിലേക്കു പരുവപ്പെടുകയായിരുന്നു. വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഫോമില്ലായ്മയുടെ പ്രശ്‌നം ഒരിക്കലും അലട്ടിയില്ല. ഇതിനിടയിലാണ് അദ്ദേഹത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്ന് ഒഴിവാക്കുന്നത്. ഇക്കാലമത്രയും കളിച്ച ആര്‍സിബിയും സിറാജിനെ വിട്ടുകളഞ്ഞു. ‘ആദ്യം ഇതെനിക്കു ദഹിച്ചില്ലെന്നായിരുന്നു’ അദ്ദേഹത്തിന്റെ ആദ്യ പ്രതികരണവും.

ടീമിനു പുറത്തുപോയ രണ്ടുവര്‍ഷം സിറാജിനെ സംബന്ധിച്ചിടത്തോളം പുതുക്കല്‍ കാലമായിരുന്നു. തുടര്‍ച്ചയായ മത്സരങ്ങളുടെ ഭാരമില്ലാതെ പരിശീലനത്തില്‍ കേന്ദ്രീകരിച്ചു. കൂടുതല്‍ കരുത്തനായി തിരിച്ചെത്തി. ‘എന്റെ ക്രിക്കറ്റ് കളി അവസാനിച്ചിട്ടില്ലെന്ന് എന്നെത്തന്നെ മനസിലാക്കിക്കുന്ന ഒരു പോയിന്റ്‌വരെ’ കാത്തിരിക്കേണ്ടിവന്നു. എനിക്കു വലിയ പദ്ധതികളുണ്ടായി. ചാമ്പ്യന്‍സ് ട്രോഫി എന്നത് എന്റെ അവസാനത്തെ കേന്ദ്രമല്ലെന്ന് അറിയാമായിരുന്നു. പക്ഷേ, അടുത്തത് എന്തെന്ന ചോദ്യം ഉയര്‍ന്നു. ഞാന്‍ എന്റെ ഫിറ്റ്‌നെസ് തിരികെയെത്തിക്കാന്‍ പരിശീലനം തുടങ്ങി. അക്കാലമത്രയും ഞാന്‍ ഇടവേളകളില്ലാതെ കളിക്കുകയായിരുന്നു. എന്റെ പ്രശ്‌നങ്ങളെന്താണെന്നു തിരിച്ചറിയാനുള്ള സമയം പോലും ലഭിച്ചില്ല. അവസാനം പ്രശ്‌നങ്ങള്‍ കണ്ടെത്തി. പരിഹരിക്കാനുള്ള പരിശ്രമം തുടങ്ങി. ഇപ്പോള്‍ ഏറെ ആസ്വദിച്ചാണു ബൗളിംഗിന് ഇറങ്ങുന്നത്. എന്റെ ശരീരം ചുറുചുറുക്കുള്ളതായി. കൂടുതല്‍ ചിന്തിക്കാതെ അന്നന്നത്തെ കാര്യങ്ങള്‍ ആലോചിക്കാന്‍ തുടങ്ങി’- സിറാജ് പറഞ്ഞു.

ഷമിയും ബുംറയും മാറിമാറി പരിക്കിന്റെ പിടിയിലായപ്പോഴും സിറാജിനു കുലുക്കമില്ലായിരുന്നു. ഫാസ്റ്റ് ബൗളര്‍മാര്‍ക്കു ലഭിക്കേണ്ടിയിരുന്ന ‘റണ്ണിംഗ് റിപ്പയറി’നുപോലുമുള്ള ഇടവേള കിട്ടിയില്ല. 2023 മുതല്‍ രവീന്ദ്ര ജഡേജയാണ് സിറാജിനെക്കാള്‍ കൂടുതല്‍ ബോള്‍ എറിഞ്ഞത്. ഇപ്പോള്‍ ഐപിഎല്ലില്‍ ആറു വിക്കറ്റുകളാണ് എടുത്തത്. ഐപിഎല്‍ മത്സരങ്ങള്‍വച്ച് വിക്കറ്റ് കണക്കാക്കുന്നത് അത്ര കൃത്യമായിരിക്കില്ല. എന്നാല്‍, ബൗളിംഗിലെ നിയന്ത്രണം അഭിനന്ദനാര്‍ഹമായി. വേഗം കുറച്ച ലോ പിച്ച് ആയിട്ടും സിറാജ് പവര്‍ പ്ലേയില്‍ മൂന്ന് ഓവര്‍ എറിഞ്ഞു. ഗുഡ് ലെങ്തിനേക്കാള്‍ കൂടുതലുള്ള അഞ്ചു ബോളുകള്‍ മാത്രമാണ് എറിഞ്ഞത്. അതില്‍ മൂന്നെണ്ണം പരീക്ഷണാടിസ്ഥാനത്തില്‍ എറിഞ്ഞതാണ്.

 

പന്തിനു സ്വിംഗ് ഇല്ലെന്നു മനസിലാക്കിയതിനുശേഷം റോബോട്ടുകളുടെ കൃത്യതയോടെയാണു ബാക്കി പന്തുകള്‍ കൈയില്‍നിന്നു പുറപ്പെട്ടത്. വിക്കറ്റ് എടുക്കുന്നതിനുള്ള ആകാംക്ഷയില്ലാതെ പന്തെറിഞ്ഞപ്പോള്‍ 11 ഡോട്ട് ബോളുകള്‍ പിറന്നു. അതും വെടിക്കെട്ടുകാരായ ട്രാവിസ് ഹെഡിനും അഭിഷേക് ശര്‍മയ്ക്കും എതിരേ. ബോള്‍ പഴകിയതോടെ റിവേഴ്‌സ് സ്വിംഗും കണ്ടെത്തി. രണ്ടു വിക്കറ്റുകള്‍ അധികമെടുക്കാന്‍ കഴിഞ്ഞതും അതുകൊണ്ടാണ്. തുപ്പല്‍തൊട്ടു പന്തിനെ മിനുക്കുന്നിതിലെ വിലക്ക് എടുത്തു കളഞ്ഞതും സിറാജ് മുതലാക്കി.

ആര്‍സിബിക്കെതിരായ അവസാന കളിയില്‍ സിറാജ് ബൗണ്‍സറിലൂടെയാണു തുടങ്ങിയത്. 18 വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങളില്‍ ഏതാനും കളികളില്‍ മാത്രമാണു ഷോര്‍ട്ട് ബോളില്‍ തുടക്കമിട്ടത്. ഫില്‍ സാള്‍ട്ടിനെ ഔട്ടാക്കുന്നതിലേക്കുവരെയെത്തിച്ച തീയുണ്ട സിറാജിന്റെ എനര്‍ജി വെളിപ്പെടുത്തുന്നതായിരുന്നു. ആവശ്യമായ ഇടവേളകള്‍ കിട്ടിയതോടെ സിറാജ് സ്വയം പുതുക്കി. ഗുജറാത്ത് ടൈറ്റന്‍സില്‍ സ്വന്തം റോള്‍ എന്തെന്നു കണ്ടെത്തി. ഇനി ഇന്ത്യന്‍ ടീമാണ്. അതു മാനേജ്‌മെന്റ് തിരിച്ചറിയട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: