നന്ദി പറയാന്‍ ബിലീവേഴ്സ് ചര്‍ച്ച് നേതൃത്വം ബിജെപി ഓഫീസില്‍ ; അതിരൂപത അധ്യക്ഷന്‍ ബിഷപ്പ് മാത്യൂസും സംഘവും രാജീവ് ചന്ദ്രേശഖറിന് കേക്ക് നല്കി ; കന്യാസ്ത്രീ വിഷയത്തില്‍ ക്രൈസ്തവസഭകള്‍ രണ്ടു തട്ടില്‍

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് വിഷയം രാഷ്ട്രീയപാര്‍ട്ടികള്‍ ബിജെപിയ്ക്ക് എതിരേ ആയുധമായി ഉപയോഗിക്കുമ്പോള്‍ പ്രശ്നത്തില്‍ ഇടപെട്ട രാജീവ് ചന്ദ്രശേഖര്‍ക്ക് കേക്കുമായി ബിലീവേഴ്സ് ചര്‍ച്ച് നേതൃത്വം ബിജെപി ഓഫീസില്‍. കന്യാസ്ത്രീകളുടെ വിഷയത്തില്‍ ഇടപെട്ടതിന് നന്ദി പറയുകയും ചെയ്തു. ബിലീവേഴ്സ് ചര്‍ച്ച് അതിരൂപത അധ്യക്ഷന്‍ ബിഷപ്പ് മാത്യൂസ് സില്‍വാനിയോസും സംഘവുമാണ് തിരുവനന്തപുരത്തെ ബിജെപി ഓഫീസിലെത്തി സംസ്ഥാന അദ്ധ്യക്ഷനെ സന്ദര്‍ശിച്ചത്.
ഇതോടെ വിഷയത്തില്‍ ക്രൈസ്തവ സഭകള്‍ രണ്ടു തട്ടിലാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. നേരത്തേ കന്യാസ്ത്രീകളെ ജയിലിലടച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഇരിങ്ങാലക്കുട രൂപത ഇടയലേഖനമിറക്കിയിരുന്നു. ഇന്ത്യയിലെ ക്രൈസ്തവരെ മുഴുവന്‍ നിയന്ത്രിച്ച് നിര്‍ത്താനുള്ള രാഷ്ട്രീയഗൂഡാലോചന തിരിച്ചറിയണമെന്നും അതില്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന്റെയോ ഛത്തീസ്ഗഡ് സര്‍ക്കാരിന്റേയോ ഇടപെടല്‍ സിസ്റ്റര്‍മാരുടെ മോചനത്തിന് ഉണ്ടായിട്ടില്ല എന്നത് നിരാശാജനകമെന്നും സര്‍ക്കുലറില്‍ വിലയിരുത്തി.
നേരത്തേ കത്തോലിക്കാ മുഖപത്രം ദീപികയും സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും വിമര്‍ശിച്ചിരുന്നു. ബജ്രംഗദള് ഭീകരപ്രസ്ഥാനമാണെന്നും അവര്ക്കെതിരേയോ കന്യാസ്ത്രീകള്‍ക്കെതിരേ അക്രമം അഴിച്ചുവിട്ട അവരുടെ നേതാവ് ജ്യോതിശര്മ്മയ്ക്ക് എതിരേയോ ഒരു പെറ്റിക്കേസ് പോലും എടുത്തിട്ടില്ലെന്നും ദീപിക വിമര്‍ശിച്ചിരുന്നു. അതേസമയം വിഷയത്തില്‍ കേന്ദ്രത്തെ അഭിനന്ദിച്ചും സഭകള്‍ രംഗത്ത് വന്നു.
നേരത്തേ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയും ബിജെപിയെ അഭിനന്ദിച്ച് എത്തിയിരുന്നു. കന്യാസ്ത്രീകളുടെ മോചനത്തില്‍ വാക്കുപാലിച്ചതില്‍ സന്തോഷമെന്നായിരുന്നു പ്രതികരണം. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും ശ്ലാഘിക്കുന്നുവെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു.
അതിനിടയില്‍ രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിനെതിരേ സംഘപരിവാറിനുള്ളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. നേരത്തേ ഹിന്ദു സംഘടനകളായ ഹിന്ദുഐക്യവേദിയും വിശ്വഹിന്ദു പരിക്ഷത്തും ബജ്രംഗദള് കേരളഘടകവുമെല്ലാം കന്യാസ്ത്രീകളെ മോചിപ്പിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ ഛത്തീസ്ഗഡിലേക്ക് പോയതും സംസ്ഥാനത്ത് ആരോടും ഒരഭിപ്രായവും ചോദിക്കാതിരുന്നതും പാര്‍ട്ടിക്കുള്ളില്‍ പുകയുന്നുണ്ട്.






