ചില പ്രശ്‌നങ്ങളുണ്ട്, അതു പരിഹരിക്കണം: ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റതിനു പിന്നാലെ രാഹുല്‍ ഗാന്ധിയെ ഉന്നമിട്ട് എം.എ. ബേബി; ഇന്ത്യ മുന്നണിക്കു കല്ലുകടിയായി ആദ്യ പ്രതികരണം

മധുര: ഇന്ത്യ മുന്നണിയില്‍ ഇടതുപാര്‍ട്ടികളുടെ ശബ്ദമാകേണ്ട എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റതിനു പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരായ വിമര്‍ശനം കടുപ്പിച്ചത് മുന്നണിയില്‍ കല്ലുകടിയാകുന്നു. ദേശീയ തലത്തില്‍ വിലയിരുത്തേണ്ട ചില പ്രശ്‌നങ്ങളുണ്ടെന്ന ആമുഖത്തോടെയാണു രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തിലെ ഇടതു സര്‍ക്കാരിനെ നയിക്കുന്ന പിണറായി വിജയനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്.
വിശാലാടിസ്ഥാനത്തില്‍ കോണ്‍ഗ്രസിനൊപ്പമാണു സിപിഎം എങ്കിലും ഇക്കാര്യം മറന്നുകൊണ്ട് കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട് എന്നുള്ള രാഹുല്‍ ഗാന്ധിയുടെ ചോദ്യമുയര്‍ത്തിയാണു വിമര്‍ശനം. ലോക്‌സഭയില്‍ പ്രതിപക്ഷത്തെ നയിക്കുന്ന രാഹുല്‍ ഗാന്ധി ഉത്തരവാദിത്വത്തോടെ പ്രതികരിക്കണം. സിപിഎമ്മിനെ വിമര്‍ശിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ല. ഏറെ നിര്‍ണായകമായ തെരഞ്ഞെടുപ്പാണെന്നു തിരിച്ചറിഞ്ഞിട്ടും, ഇന്ത്യ മുന്നണിയുടെ ഭാഗമായിട്ടും രാഹുല്‍ ഗാന്ധി പ്രചാരണ വേദികളിലെല്ലാം ‘എന്തുകൊണ്ടു പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല’ എന്ന ചോദ്യമുന്നയിച്ചു. കേന്ദ്ര ഏജന്‍സികള്‍ പിണറായി വിജയനെതിരേ അന്വേഷണം നടത്താത്ത കാര്യം ഉന്നയിച്ചായിരുന്നു രാഹുലിന്റെ പ്രസംഗങ്ങള്‍- ബേബി പറഞ്ഞു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യ മുന്നണി യോഗം വിളിക്കാന്‍ കോണ്‍ഗ്രസ് തയാറായിട്ടില്ല. എന്നാല്‍, ഇക്കാര്യങ്ങളെല്ലാം മറികടക്കാന്‍ സാധിക്കുമെന്നാണു കരുതുന്നതെന്നും എം.എ. ബേബി പറഞ്ഞു.
മധുരയില്‍ നടന്ന ദേശീയ സമ്മേളനത്തിലാണു പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന നേതാവായി ബേബിയെ തെരഞ്ഞെടുത്തത്. ഓള്‍ ഇന്ത്യ കിസാന്‍ സഭ പ്രസിഡന്റ് അശോക് ധാവ്‌ളെയെ പിന്തള്ളിയാണു ബേബിയുടെ ജനറല്‍ സെക്രട്ടറി പദം.
ബംഗാളില്‍ കോണ്‍ഗ്രസിനൊപ്പം മത്സരിക്കുന്ന സിപിഎമ്മിന് കേരളത്തില്‍ ഈ നിലപാടു സ്വീകരിക്കുക പ്രായോഗികമല്ല. കേരളത്തില്‍ സിപിഎമ്മിന്റെ പ്രധാന എതിരാളി കോണ്‍ഗ്രസാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രിക്കെതിരേ പ്രതികരിക്കുന്നത്. ബിജെപിയടക്കമുളള സംഘടനകള്‍ ഇന്ത്യ മുന്നണിക്കുള്ളിലെ തര്‍ക്കമായിട്ടാണ് ഇക്കാര്യങ്ങളെ വിലയിരുത്തുന്നത്.