Breaking NewsIndiaLead NewsNEWS

കാല്‍ലക്ഷം അധ്യാപക നിയമനങ്ങള്‍ അനധികൃതം: മമത സര്‍ക്കാരിന് വന്‍ തിരിച്ചടിയായി സുപ്രീം കോടതി വിധി; ഒന്നും എഴുതാതെ ഉത്തരക്കടലാസ് നല്‍കിയവര്‍ക്കും നിയമനം; എല്ലാവരെയും പിരിച്ചുവിടണമെന്നും കോടതി; പ്രക്ഷോഭത്തിന് പ്രതിപക്ഷം

ന്യൂഡല്‍ഹി: മമതാ ബാനര്‍ജിക്കും ബംഗാള്‍ സര്‍ക്കാരിനും വന്‍ തിരിച്ചടിയായി സുപ്രീം കോടതി ഉത്തരവ്. സര്‍ക്കാര്‍ സ്‌കൂളുകളിലെ കാല്‍ലക്ഷത്തോളം അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനം അനധികൃതമെന്നും വന്‍ അഴിമതിയന്നും കണ്ടെത്തിയ കൊല്‍ക്കത്ത ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. നിയമനത്തിനായി നടത്തിയ നടപടി ക്രമങ്ങളിലെല്ലാം വന്‍ തട്ടിപ്പു നടന്നെന്നും കോടതി നിരീക്ഷിച്ചു.

അങ്ങേയറ്റം മലിനവും കറപുരണ്ടതുമായ നീക്കമാണു മമത സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും വന്‍തോതിലുള്ള കൃത്രിമത്വവും അതു മൂടിവയ്ക്കാനുള്ള ശ്രമങ്ങളുമുണ്ടായെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. ഞങ്ങള്‍ രേഖകള്‍ പരിശോധിച്ചു. സര്‍ക്കാര്‍ സംവിധാനത്തിന്റെ വിശ്വാസ്യതയാകെ തകര്‍ത്ത. ഹൈക്കോടതിവിധിയില്‍ ഇടപെടേണ്ട ആവശ്യമുണ്ടെന്നു കരുതുന്നില്ല. തട്ടിപ്പ് എല്ലാക്കാലവും മൂടിവയ്ക്കാനാകില്ലെന്നും നിയമനം നല്‍കിയവരെ പിരിച്ചുവിടണമെന്നും കോടതി പറഞ്ഞു.

Signature-ad

എന്നാല്‍, പിരിച്ചുവിടപ്പെടുന്നവര്‍ അവര്‍ ഇതുവരെ നേടിയെടുത്ത ശമ്പളം തിരികെ നല്‍കേണ്ടതില്ലെന്നു പറഞ്ഞതു മാത്രമാണു സംസ്ഥാനത്തിന് ആശ്വാസം. മറ്റു ഡിപ്പാര്‍ട്ടുമെന്റുകളില്‍നിന്ന് അധ്യാപകരായി നിയമിക്കപ്പെട്ടവരില്‍ കറപുരളാത്തവരെ അതേ വകുപ്പുകളിലേക്കുതന്നെ മാറ്റണമെന്നും അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമായി ഉടന്‍തന്നെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു നിയമനം നടത്തണമെന്നും കോടതി വിധിയില്‍ നിര്‍ദേശിച്ചു.

ഹൈക്കോടതി വിധിക്കെതിരേ 120 ഹര്‍ജികളാണു സുപ്രീം കോടതി പരിശോധിച്ചത്. ബംഗാള്‍ സര്‍ക്കാരിന്റെ ഹര്‍ജിയും ഇതില്‍ ഉള്‍പ്പെടും. രാഷ്ട്രീയപരമായി ഏറെ നിര്‍ണായകമായിരുന്ന കേസിന്റെ അവസാന വാദം കഴിഞ്ഞവര്‍ഷം ഡിസംബര്‍ 19ന് ആണ് ആരംഭിച്ചത്. ജനുവരി 15, 27 ഫെബ്രുവരി 10 എന്നീ ദിവസങ്ങളിലും വാദം നടന്നു.

അധ്യപക നിയമന പരീക്ഷയ്ക്കുള്ള ഒ.എം.ആര്‍. ഷീറ്റുകളിലും റാങ്കിലും വന്‍ തോതില്‍ തട്ടിപ്പു നടന്നെന്നാണു ഹൈക്കോടതി കണ്ടെത്തിയിരുന്നത്. 25,753 പേരെയാണ് ഇത്തരത്തില്‍ നിയമിച്ചത്. ഇതിന് മേയ് ഏഴിനു സുപ്രീം കോടതി ഇടക്കാല സ്‌റ്റേ നല്‍കിയെങ്കിലും അന്വേഷണം സിബിഐക്കു കൈമാറിയിരുന്നു. 2016ല്‍ നടന്ന നിയമനങ്ങളിലായിരുന്നു അഴിമതി. 23 ലക്ഷം ആളുകളാണ് ഇതേ പോസ്റ്റുകളിലേക്ക് അപേക്ഷിച്ചിരുന്നത്. ആകെ ഒഴിവുകള്‍ 24,640 ആണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 25,753പേരെ നിയമിച്ചു. ഒന്നും എഴുതാത്ത ഒ.എം.ആര്‍. ഷീറ്റുകള്‍ സമര്‍പ്പിച്ചവര്‍ക്കുപോലും നിയമനം ലഭിച്ചെന്നും കണ്ടെത്തിയിരുന്നു. ഇവര്‍ നേടിയെടുത്ത ശമ്പളം 12 ശതമാനം പലിശയോടെ തിരിച്ചടയ്ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
വരും ദിവസങ്ങളില്‍ ബിജെപിയടക്കമുള്ളവര്‍ വിധി ഉയര്‍ത്തി വന്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്നതു വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: