NEWSSocial Media

നാന്‍ വീഴ്‌വേനെന്തു നിനപ്പായോ? ‘സമാധി’ അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ‘ജിബ്ലി’ ആര്‍ട്ടുമായി നിത്യാനന്ദ

ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത ആള്‍ദൈവമായ നിത്യാനന്ദ മരിച്ചെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് സ്ഥിരീകരിച്ച് ഇന്നലെ തന്നെ ‘കൈലാസ’ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ നേരിട്ട് പ്രതികരിച്ചിരിക്കുകയാണ് നിത്യാനന്ദ. പുലര്‍ച്ചെ നാലരയോടെ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ലൈവിലെത്തിയാണ് നിത്യാനന്ദ താന്‍ ജീവിച്ചിരിക്കുന്നുവെന്ന പ്രഖ്യാപനം നടത്തിയത്.

‘ഞാന്‍ മരിച്ചെന്നും മരിച്ചില്ലെന്നുമൊക്കെ ആളുകള്‍ പറയുന്നു. മരിച്ചോ ഇല്ലയോ എന്ന കാര്യത്തില്‍ ഇനി നിങ്ങളെല്ലാവരും കൂടി ഒരു തീരുമാനമെടുക്കൂ’,- എന്നായിരുന്നു നിത്യാനന്ദയുടെ പരിഹാസം. ട്രെന്‍ഡിനൊപ്പം എന്ന് പ്രഖ്യാപിച്ച് ജിബ്ലി ആര്‍ട്ട് അടക്കം നിത്യാനന്ദ പങ്കുവച്ചിട്ടുണ്ട്. താന്‍ ബ്രഫ്മ മുഹൂര്‍ത്തത്തില്‍ ഉറക്കമുണരും. ആദ്യം യോഗ ചെയ്യും. പിന്നീട് ശിവപൂജ, അതിനുശേഷം ഭക്തര്‍ക്ക് എന്നോട് ചോദിക്കാനുള്ള കാര്യങ്ങള്‍ കേള്‍ക്കും അതിനുള്ള മറുപടി നല്‍കും. അങ്ങനെയാണ് എന്റെ ജീവിതം നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Signature-ad

കഴിഞ്ഞ ദിവസമാണ് നിത്യാനന്ദ മരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. സനാതനധര്‍മം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ജീവിത്യാഗം ചെയ്തുവെന്ന് നിത്യാനന്ദയുടെ സഹോദരിയുടെ മകനും അനുയായിയുമായ സുന്ദരേശ്വരന്‍ അറിയിച്ചുവെന്നായിരുന്നു വാര്‍ത്തകളിലുണ്ടായിരുന്നത്. ഇതിന് പിന്നാലെ നിത്യാനന്ദ പൂര്‍ണ ആരോഗ്യവാനാണെന്നും സുരക്ഷിതനായിരിക്കുന്നുവെന്നും പറഞ്ഞ് ‘കൈലാസ’ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു.

തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് നിത്യാനന്ദ ജനിച്ചത്. പിന്നീട് ആത്മീയതയിലൂടെ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയര്‍ന്നു. തനിക്ക് ദിവ്യമായ കഴിവുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് അദ്ദേഹം വലിയ തോതില്‍ ഭക്തരെ ആകര്‍ഷിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ഇദ്ദേഹത്തിന് ഒന്നിലധികം ആശ്രമങ്ങള്‍ ഉണ്ട്. 2010ല്‍ സിനിമ നടിക്കൊപ്പമുള്ള നിത്യാനന്ദയുടെ അശ്ലീല വീഡിയോ പുറത്തുവന്നിരുന്നു. പിന്നാലെ വിവാദങ്ങളില്‍ നിറഞ്ഞ നിത്യാനന്ദ 2019ഇന്ത്യ വിട്ടു. മൂന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന ദമ്പതികളുടെ പരാതിയില്‍ പോലീസ് അറസ്റ്റിന് നടപടിയാരംഭിച്ചതിനെത്തുടര്‍ന്നായിരുന്നു രാജ്യം വിട്ടത്. ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിന് സമീപമുള്ള ദ്വീപുകളിലൊന്ന് വാങ്ങി ‘കൈലാസ’ എന്ന് പേരിട്ട് അനുയായികള്‍ക്കൊപ്പം അവിടെയാണ് താമസം. കൈലാസ എന്ന പേരില്‍ രാജ്യം സ്ഥാപിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: