IndiaNEWS

ജബല്‍പുരില്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെ ആക്രമണം; അപലപിച്ച് സിബിസിഐ

ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പുരില്‍ കത്തോലിക്കാ പുരോഹിതര്‍ക്കും അല്‍മായര്‍ക്കും നേരെ ആക്രമണം. ഏപ്രില്‍ 1 നായിരുന്നു ആക്രമണം ഉണ്ടായത്. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നിര്‍ബന്ധിത മതപരിവര്‍ത്തനമാരോപിച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന് മര്‍ദനമേറ്റ മലയാളികളായ ഫാദര്‍ ഡേവിസ് ജോര്‍ജും, ഫാദര്‍ ജോര്‍ജും പറഞ്ഞു. മുദ്രാവാക്യം വിളിച്ചെത്തിയ സംഘം മര്‍ദിക്കുകയായിരുന്നു.

മലയാളികളായ വൈദികരെ പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലിട്ട് മര്‍ദിച്ചുവെന്നാണ് വൈദികരുടെ വെളിപ്പെടുത്തല്‍. പൊലീസ് സ്റ്റേഷനില്‍ നടന്നത് ഗുണ്ടായിസമായിരുന്നുവെന്നും വൈദികര്‍ പറഞ്ഞു. വാഹനം തടഞ്ഞ് വിശ്വാസികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോള്‍ സഹായിക്കാന്‍ പോയതായിരുന്നു തങ്ങളെന്നും വൈദികര്‍ കൂട്ടിച്ചേര്‍ത്തു. പൊലീസ് സ്റ്റേഷനകത്ത് നടന്ന ആക്രമണം ഞെട്ടിക്കുന്നതാണ്. ശക്തമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും വൈദികര്‍ പറഞ്ഞു.

Signature-ad

അതേസമയം, മധ്യപ്രദേശില്‍ കത്തോലിക്കാ പുരോഹിതര്‍ക്കും അല്‍മായര്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ ഡീന്‍ കുര്യക്കോസ് എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ആക്രമണം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംപി ഇക്കാര്യം അറിയിച്ചത്. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും ഡീന്‍ കുര്യക്കോസ് പറഞ്ഞു.

അതിനിടെ, ജബല്‍പുര്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് സിബിസിഐ. വിശ്വാസികള്‍ക്കും സഭാ നേതാക്കന്‍മാര്‍ക്കും നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ തീവ്ര സംഘടനകളും, രാജ്യവിരുദ്ധരുമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, കിരണ്‍ റിജിജു, ജോര്‍ജ് കുര്യന്‍ എന്നിവര്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപെടണം. സംസ്ഥാന സര്‍ക്കാര്‍ ദേശ വിരുദ്ധ ശക്തികള്‍ക്കെതിരെ നടപടിയെടുക്കണം സിബിസിഐ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: