ഓരോ ഫയലിലും ജീവിതമുണ്ടെന്നത് മറന്നു; ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കില്‍ ഇനി ‘ഓണ്‍ലൈന്‍’ പിടി; ഫയല്‍ തീര്‍പ്പാക്കാന്‍ മുന്‍കൂട്ടി സമയം നിശ്ചയിക്കും; മടങ്ങിയാല്‍ നെഗറ്റീവ് സ്‌കോര്‍; സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയുമില്ല; സമ്പൂര്‍ണ ട്രാക്കിംഗിന് കെ- സ്യൂട്ട് ഉടന്‍

പാലക്കാട്: ഒരോ ഫയലിലും ഒരോ ജീവിതമുണ്ടെന്നു പറഞ്ഞ് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം ഒമ്പതുവര്‍ഷം പിന്നിട്ടിട്ടും ഉദ്യോഗസ്ഥരുടെ ശീലത്തില്‍ മാറ്റമില്ലെന്നു കണ്ടെത്തി നടപടി കടുപ്പിച്ചു സര്‍ക്കാര്‍. ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി കുറഞ്ഞെങ്കിലും ജനങ്ങളെ വലിപ്പിക്കുന്ന ശീലത്തില്‍ ഒട്ടും കുറവുവന്നിട്ടില്ലന്നാണു കണ്ടെത്തല്‍. നിയമസഭാ സമ്മേളനത്തിനു മാസങ്ങള്‍മാത്രം ശേഷിക്കേ ഫയല്‍ തീര്‍പ്പാക്കല്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥനു നെഗറ്റീവ് മാര്‍ക്കും സ്ഥാനക്കയറ്റത്തില്‍ നിയന്ത്രണവും അടക്കം കൊണ്ടുവരുന്ന സോഫ്റ്റ്‌വേര്‍ ഉടന്‍ പ്രവര്‍ത്തന ക്ഷമമാകും.
ഫയല്‍ തീര്‍പ്പാക്കല്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ ഇനി നെഗറ്റീവ് സ്‌കോറിന്റെ പിടിയില്‍പ്പെടും. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് (ഐകെഎം) കെ. സ്യൂട്ട് എന്ന സോഫ്റ്റ്‌വേര്‍ തയാറാക്കിയിരിക്കുന്നത്. ഇതിലൂടെ ഫയല്‍നീക്കത്തിലെ കാലതാമസം ഒഴിവാക്കാനാകും. കെ. സ്യൂട്ടും സ്‌കോര്‍ എന്ന സോഫ്റ്റ്‌വേറും ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസസ് (എപിഐ) എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക. തീരുമാനത്തിനായി സമര്‍പ്പിച്ച ഫയല്‍ നിര്‍ദിഷ്ട സമയത്തിനകം തീര്‍പ്പാക്കിയില്ലെങ്കില്‍ ഓട്ടോ എസ്‌കലേഷന്‍ വഴി അയച്ചയിടത്തേക്ക് തന്നെ തിരിച്ചെത്തും. ഇതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നെഗറ്റീവ് സ്‌കോറും വീഴും. ഫയല്‍ തീര്‍പ്പാക്കേണ്ട സമയപരിധി മുന്‍കൂട്ടി നിശ്ചയിക്കാനും സംവിധാനം ഉണ്ട്.

വാര്‍ഷിക പ്രകടന റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥന് ലഭിച്ച ഈ സ്‌കോര്‍കൂടി പരിഗണി ക്കപ്പെടുമെന്നതിനാല്‍ ഓരോ ഉദ്യോഗസ്ഥന്റെയും പ്രവര്‍ത്തന മികവ് ഇതിലൂടെ നിര്‍ണയിക്കപ്പെടും. സ്ഥാനക്കയറ്റം, ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ സ്‌കോര്‍കൂടി പരിഗണിക്കപ്പെടുമെന്നതാണ് നിര്‍ണായകം. ഇതോടെ ഫയല്‍ നീക്കത്തിന് വേഗം കൈവരുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ ഓഫീസുകളിലെ നിലവിലുള്ള ഇ-ഓഫീസ് സോഫ്റ്റോറിന് പകരമായി കെ. സ്യൂട്ട് സോഫ്റ്റ്വെയര്‍ ഉപയോഗിക്കാനാകും.
ഇ ഓഫീസ് വഴി ഫയല്‍ നീക്കം മാത്രമാണ് നടക്കുന്നല്‍ എന്നാല്‍ കെ. സ്യൂട്ടില്‍ ഫിനാന്‍സ്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍മെന്റ് സിസ്റ്റം (എച്ച്ആര്‍എംഎസ്), മീറ്റിംഗ് മാനേജ്മെന്റ് എന്നീ സേവനങ്ങള്‍ കൂടി ലഭ്യമാകും നിലവില്‍ കെ. സ്യൂട്ട് സോഫ്റ്റ് വെയര്‍ പരീക്ഷണഘട്ടത്തിലാണ്. ആദ്യപടിയായി ഇഫര്‍മേഷന്‍ കേരള മിഷനില്‍ തന്നെ നടപ്പാക്കും. മറ്റ് വകുപ്പുകളില്‍ നടപ്പാക്കുന്നതിന സര്‍ക്കാര്‍ തീരുമാനം വേണ്ടിവരും. ഏപ്രിലില്‍ ഓട്ടോ എസ്‌കലേഷന്‍ കൂടി നടപ്പാക്കും.