എമ്പുരാന്‍ പ്രദര്‍ശനത്തിന് എതിരേ ഹര്‍ജി നല്‍കിയ സംഘപരിവാറുകാരനെ ബിജെപി ജില്ല കമ്മിറ്റി പുറത്താക്കി! ഹര്‍ജിയുമായി ബന്ധമില്ലെന്ന് ജില്ല പ്രസിഡന്റ്; ആര്‍എസ്എസ് നിലപാടിന് ഒപ്പം നിന്നതിനുള്ള സമ്മാനമെന്ന് പ്രവര്‍ത്തകര്‍

തൃശൂര്‍: രാജ്യമെമ്പാടും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എമ്പുരാന്‍ സിനിമയ്‌ക്കെതിരേ രംഗത്തു വന്നതിനു പിന്നാലെ സിനിമയ്‌ക്കെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ബിജെപി പ്രവര്‍ത്തകന് സസ്‌പെന്‍ഷന്‍. തൃശൂര്‍ സ്വശേദിയായ വി.വി. വിജീഷിനെയാണു പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് വിജീഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനു പിന്നാലെയാണ് നടപടി.
പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാലാണ് വിജീഷിനെ സസ്‌പെന്റ് ചെയ്യുന്നതെന്ന് ബിജെപി തൃശൂര്‍ സിറ്റി ജില്ല പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് അറിയിച്ചു. വിജീഷ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുമായി ബിജെപിക്ക് ബന്ധമില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതാണ് ബിജെപി നിലപാടെന്നും ഇത്തരത്തില്‍ ഹര്‍ജി നല്‍കാന്‍ ആരെയും ബിജെപി ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജസ്റ്റിന്‍ ജേക്കബ് പറഞ്ഞു.

സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നുവെന്നും വിജീഷ് നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. മോഹന്‍ലാല്‍, പൃഥ്വിരാജ്, ആന്റണി പെരുന്പാവൂര്‍ എന്നിവരെ കൂടാതെ കേന്ദ്രസര്‍ക്കാരിനെയും ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ ആക്കിയിട്ടുണ്ട്. സംസ്ഥാന പോലീസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവരെയും ഹര്‍ജിയില്‍ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെയും ദേശീയ അന്വേഷണ ഏജന്‍സിയെയും സിനിമയില്‍ വികലമാക്കി ചിത്രീകരിച്ചു എന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
ബിജെപിയുടെ അറിവോടെ അല്ല താന്‍ ഹര്‍ജി നല്‍കിയതെന്ന് വിജീഷ് മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു. ഹര്‍ജി നല്‍കിയത് വ്യക്തിപരമായാണെന്നും വിജീഷ് പറഞ്ഞു. താന്‍ ബിജെപി തൃശൂര്‍ ജില്ലകമ്മിറ്റിയിലെ മുന്‍ അംഗമാണെന്നും ഇപ്പോ ബംഗളുരുവിലാണുള്ളതെന്നും മത ധ്രുവീകരണം ഉണ്ടാക്കുകയാണ് സിനിമ ചെയ്യുന്നതെന്നും അതില്‍ മനംനൊന്താണ് ഇത്തരത്തില്‍ ഒരു പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചതെന്നും വിജീഷ് പറഞ്ഞു. പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും വിജീഷ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ആര്‍എസ്എസ് നിലാപടിന് ഒപ്പം നിന്നതിനു ബിജെപി നല്‍കിയ സമ്മാനമാണിതെന്ന വിമര്‍ശനവും ഒരുപറ്റം പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്.