
എറണാകുളം: ട്രെയിനില്‍ നിന്ന് വീണുമരിച്ച അസാം സ്വദേശിയുടെ പേഴ്സില്‍ നിന്ന് പണം മോഷ്ടിച്ച എസ്.ഐക്കെതിരെ കടുത്ത നടപടിക്ക് നീക്കം. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്.ഐയും കോതമംഗലം നെല്ലിക്കുഴി സ്വദേശിയുമായ പി.എം. സലീമിനെതിരെയാണ് നടപടി. അസാം സ്വദേശി ജിതുല്‍ ഗോഗോയുടെ (27) പണം കൈക്കലാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സലീമിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
സംഭവത്തില്‍ വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആലുവ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി എം വര്‍ഗീസിനോട് എസ്പി വൈഭവ് സക്സേന ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചാലുടന്‍ തുടര്‍ നടപടികളിലേയ്ക്ക് കടക്കാനാണ് നീക്കം. സര്‍വീസില്‍ നിന്ന് പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടായേക്കാമെന്നും സൂചനയുണ്ട്. പി എം സലീം സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്നാണ് ആലുവ ഡിവൈഎസ്പി പി ആര്‍ രാജേഷിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.

19നാണ് ജിതുല്‍ ഗോഗോയ് മരിച്ചത്. ഇയാളുടെ പേഴ്സില്‍ 8000 രൂപയുണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസുകാര്‍ പേഴ്സില്‍ ഉണ്ടായിരുന്ന തുകയുള്‍പ്പെടെ രേഖപ്പെടുത്തി സ്റ്റേഷനിലെ ജി.ഡി ചാര്‍ജിന്റെ മേശയ്ക്ക് മുകളില്‍ വച്ചു.
മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് ഇവ നല്‍കേണ്ടതിനാല്‍ ജി.ഡി ഉദ്യോഗസ്ഥന്‍ പരിശോധിച്ചപ്പോള്‍ 3000 രൂപ കുറവുള്ളതായി കണ്ടെത്തി. സി.സി ടി.വി പരിശോധിച്ചപ്പോഴാണ് സലീം കുടുങ്ങിയത്. സലീമിനെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ സഹായിച്ചയാള്‍ക്ക് നല്‍കാനാണ് പണം എടുത്തതെന്നാണ് സലീമിന്റെ വിശദീകരണം. നേരത്തെയും അനധികൃത സാമ്പത്തിക ഇടപാടുകളുടെ പേരില്‍ സലീം വകുപ്പുതല നടപടി നേരിട്ടിട്ടുണ്ട്.