
കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവരുടെ ഹര്‍ജികളില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഹര്‍ജി തള്ളിയാല്‍ പ്രതികള്‍ക്കെതിരെ വിചാരണ കോടതി കുറ്റം ചുമത്തും.
കേസില്‍ തങ്ങള്‍ക്കെതിരെ തെളിവില്ലെന്നും കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയക് ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും ആണെന്നാണ് പ്രതികളുടെ വാദം. എന്നാല്‍, പ്രതികള്‍ക്കെതിരെ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉണ്ടെന്ന് വിടുതല്‍ ഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു.

സാമ്പത്തിക അഭിവൃദ്ധിക്കായി രണ്ട് സ്ത്രീകളെ പണം വാഗ്ദാനം ചെയ്ത് എത്തിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. എറണാകുളത്തെ ലോട്ടറി കച്ചവടക്കാരായ തമിഴ്നാട് സ്വദേശി പത്മയും വടക്കാഞ്ചേരി സ്വദേശി റോസ്ലിനുമാണ് കൊല്ലപ്പെട്ടത്. ഇരുവരെയും കാണാനില്ലെന്ന പരാതിയില്‍ കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ നടത്തിയ നരബലി ഉള്‍പ്പെടെയുള്ള ഞെട്ടിക്കുന്ന വിവരങ്ങളും കൊലപാതകങ്ങളും പുറംലോകം അറിഞ്ഞത്.
ദൃക്‌സാക്ഷികളില്ലാത്ത കേസായതിനാല്‍ തുടക്കം മുതല്‍ കടുത്ത വെല്ലുവിളികളാണ് അന്വേഷണ സംഘം നേരിട്ടിരുന്നത്. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. കുടുംബത്തിന്റെ ഐശ്വര്യത്തിനായി നരബലി നടത്താമെന്നും മനുഷ്യമാംസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റ് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. പാരമ്പര്യ ചികിത്സ നടത്തിയിരുന്ന ഇലന്തൂരിലെ ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, ഗൂഢാലോചന, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുളളത്.