
കൊച്ചി: നഗരത്തില്‍ ഓട്ടോ റിക്ഷയില്‍നിന്ന് 2 കോടി രൂപ പിടികൂടി. സംഭവത്തില്‍ 3 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓട്ടോ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശിയായ രാജഗോപാല്‍, ബിഹാര്‍ സ്വദേശി സബിഷ് അഹമ്മദ്, തമിഴ്‌നാട് സ്വദേശിയായ മറ്റൊരാള്‍ എന്നിവരെയാണ് ഹാര്‍ബര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ പണത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തത ലഭിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ന് ഉച്ച കഴിഞ്ഞ് പതിവുള്ള വാഹന പരിശോധനയ്ക്കിടെയാണ് പണവുമായി വരികയായിരുന്ന ഓട്ടോറിക്ഷ പിടികൂടിയത്. കൊച്ചി വെല്ലിങ്ടന്‍ ഐലന്റിനടുത്ത് ബിഒടി പാലത്തിനു സമീപമുള്ള വോക് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയിലായിരുന്നു പൊലീസിന്റെ പരിശോധന. ഓട്ടോയില്‍ ഇരുന്നിരുന്ന രണ്ടുപേരും പൊലീസിനെ കണ്ട് പരുങ്ങുന്നതു കണ്ടാണ് വാഹനം പരിശോധിക്കുന്നതും ബാഗില്‍ അടുക്കി വച്ച നിലയില്‍ പണം കണ്ടെത്തുന്നതും. ബാഗില്‍ 2 കോടി രൂപയിലധികം ഉള്ളതായാണ് സൂചന.

ഇവരെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ സ്ഥലത്തെത്തിയ മറ്റൊരു തമിഴ്‌നാട് സ്വദേശിയേയും പൊലീസ് പിടികൂടി. ഇയാള്‍ പണം ഏറ്റുവാങ്ങാന്‍ വന്നതാണെന്നാണ് പൊലീസിന്റെ നിഗമനം. ഭൂമി വാങ്ങുന്നതിനായി മറ്റൊരാള്‍ക്കു കൊടുക്കാന്‍ കൊണ്ടുവന്നതാണെന്നും അതല്ല, മറ്റൊരാള്‍ക്കു കൊടുക്കാനായി നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമ കൊടുത്തുവിട്ട പണമാണെന്നും കസ്റ്റഡിയിലുള്ളവര്‍ പറഞ്ഞതായാണ് വിവരം. പണത്തിന്റെ സ്രോതസ്സ് എവിടെ നിന്നാണെന്നു വ്യക്തമാക്കാന്‍ ഇവര്‍ക്കു സാധിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.