
പത്തനംതിട്ട: ‘ആക്ടിവിസ്റ്റ്’ രഹന ഫാത്തിമയ്ക്കെതിരായ കേസില്‍ തുടര്‍നടപടി നിര്‍ത്തിവെച്ച് പത്തനംതിട്ട പൊലീസ്. ഫെയ്സ്ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ എടുത്ത കേസിലെ തുടര്‍ നടപടിയാണ് നിര്‍ത്തിവെച്ചത്. 2018 ലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മെറ്റയില്‍ നിന്ന് ലഭ്യമായില്ലെന്ന് പൊലീസ് പറയുന്നു. കേസില്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി.
വിവരങ്ങള്‍ കിട്ടിയാല്‍ തുടര്‍നടപടി ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. ബിജെപി നേതാവ് രാധാകൃഷ്ണ മേനോനാണ് പരാതിക്കാരന്‍. തുടര്‍നടപടി നിര്‍ത്തിവെക്കുന്നതായി പരാതിക്കാരനെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

2018 ലാണ് സംഭവം. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നതിനെത്തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കേസിലാണ് രഹ്നയുടെ പേരില്‍ കേസെടുത്തിരുന്നത്.