CrimeNEWS

വിവാഹം കഴിക്കണമെന്ന് കാമുകിയുടെ നിര്‍ബന്ധം, കുടുംബം രക്ഷിക്കാന്‍ കൊടുംക്രൂരത; പൂജാരിക്ക് ജീവപര്യന്തം ശിക്ഷ

ഹൈദരാബാദ്: തെലങ്കാനയില്‍ യുവതിയെ കൊന്ന് മൃതദേഹം മാന്‍ഹോളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കാമുകനായ പൂജാരിയ്ക്ക് ജീവപര്യന്തം ശിക്ഷ. ഹൈദരാബാദിലെ ഷംഷാബാദ് സ്വദേശിയും ടെലിവിഷന്‍ താരവുമായ അപ്സര(30)യെ കൊലപ്പെടുത്തിയ കേസിലാണ് സരൂര്‍നഗര്‍ ക്ഷേത്രത്തിലെ പൂജാരിയായ അയ്യഗരി വെങ്കിട്ട് സൂര്യ സായ്കൃഷ്ണയെ ജീവപര്യന്തം തടവിന് വിധിച്ചത്. പത്ത് ലക്ഷം രൂപ പിഴയും അടക്കണം. ഇതില്‍ 9.75 ലക്ഷം രൂപ കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കണം.

2023- ജൂണ്‍ മൂന്നിനായിരുന്നു സംഭവം. അപ്‌സരയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ക്ഷേത്രത്തിന് പിറകിലുള്ള റവന്യൂ ഓഫീസറുടെ കാര്യാലയത്തിന് പുറത്തെ മാന്‍ഹോളില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കേസ്. ജൂണ്‍ നാലാം തീയതി മുതല്‍ അപ്സരയെ കാണാനില്ലെന്ന് പറഞ്ഞ് സായ്കൃഷ്ണ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയിലും മൊഴികളിലും സംശയം തോന്നിയ പോലീസ് സംഘം പരാതിക്കാരനെ വിശദമായി ചോദ്യംചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിഞ്ഞത്.

Signature-ad

വിവാഹിതനായ പൂജാരിയും കൊല്ലപ്പെട്ട യുവതിയും രഹസ്യബന്ധത്തിലായിരുന്നുവെന്നും യുവതി വിവാഹത്തിന് നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

ജൂണ്‍ മൂന്നാം തീയതി അപ്സരയെ ഷംഷാബാദില്‍ കൊണ്ടുവിട്ടത് താനാണെന്നും നാലാം തീയതി മുതല്‍ യുവതിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നുമായിരുന്നു സായ്കൃഷ്ണയുടെ പരാതി. സുഹൃത്തുക്കള്‍ക്കൊപ്പം ഭദ്രാചലത്തേക്ക് പോയെന്നാണ് കരുതുന്നതെന്നും ഫോണ്‍ പിന്നീട് സ്വിച്ച് ഓഫ് ആയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പരാതിയില്‍ പറഞ്ഞ പലകാര്യങ്ങളിലും പൊരുത്തക്കേടുകളുള്ളതിനാല്‍ പോലീസിന് സംശയം തോന്നി. മാത്രമല്ല, പരാതിക്കാരന്റെ ഫോണ്‍വിളി വിവരങ്ങളിലും സംശയമുണ്ടായി. ഇതോടെ സായ്കൃഷ്ണയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. പോലീസ് സംഘം നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് അപ്സരയെ കൊലപ്പെടുത്തിയതാണെന്നും മൃതദേഹം ക്ഷേത്രത്തിന് പിറകിലെ ആള്‍ത്തുളയില്‍ ഉപേക്ഷിച്ചെന്നും പ്രതി വെളിപ്പെടുത്തിയത്.

വിവാഹിതനായ പൂജാരിയും പതിവായി ക്ഷേത്രത്തിലെത്തിയിരുന്ന അപ്സരയും തമ്മില്‍ ഏറെനാളായി അടുപ്പത്തിലായിരുന്നു. അടുത്തിടെ ഭാര്യയെ ഒഴിവാക്കണമെന്നും തന്നെ വിവാഹം കഴിക്കണമെന്നും അപ്സര പൂജാരിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി.

ജൂണ്‍ മൂന്നാം തീയതി കോയമ്പത്തൂരിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് അപ്സര വീട്ടില്‍നിന്നിറങ്ങിയത്. തുടര്‍ന്ന് ഷംഷാബാദിലെ നര്‍ഖോഡ ഗ്രാമത്തില്‍വെച്ച് സായ്കൃഷ്ണയെ കണ്ടു. ഇവിടെനിന്ന് പ്രതി യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും തുടര്‍ന്ന് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. യുവതി കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചതോടെ മൃതദേഹം രഹസ്യമായി മറവുചെയ്യാനായിരുന്നു പ്രതിയുടെ ശ്രമം. തുടര്‍ന്ന് മൃതദേഹവുമായി താന്‍ ജോലിചെയ്യുന്ന സരൂര്‍നഗര്‍ ക്ഷേത്രത്തിന് സമീപമെത്തി. പിന്നാലെ ക്ഷേത്രത്തിന് പിറകിലുള്ള ആള്‍ത്തുളയില്‍ മൃതദേഹം ഉപേക്ഷിക്കുകയാണുണ്ടായതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. അപ്സരയെ നേരത്തെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയിട്ടുണ്ടെന്നും ഇയാളുടെ മൊഴിയിലുണ്ട്.

പ്രതിയുടെ മൊഴിയനുസരിച്ച് ക്ഷേത്രത്തിന് സമീപത്തെ ആള്‍ത്തുളയില്‍ പരിശോധന നടത്തിയ പോലീസ് യുവതിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: