
ചെന്നൈ: മാലപൊട്ടിക്കല്‍ പരമ്പരയെത്തുടര്‍ന്ന് അറസ്റ്റിലായ കുപ്രസിദ്ധ ഇറാനി കവര്‍ച്ചാ സംഘത്തിലെ ഒരാള്‍ തെളിവെടുപ്പിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റു മരിച്ചു. പൊലീസിനു നേരെ വെടിയുതിര്‍ത്ത പുണെ ആംബിവ്ലി നിവാസി ജാഫര്‍ ഗുലാം ഹുസൈന്‍ ഇറാനിയാണ് (28) വെടിയേറ്റ് മരിച്ചത്.
ജാഫറും ഒപ്പം പിടിയിലായ മിസമും ധുസ്വാസം മേസം ഇറാനിയും തരമണി ഭാഗത്ത് ഉപേക്ഷിച്ചു കടന്ന ബൈക്കിനടുത്താണ് തെളിവെടുപ്പിനു കൊണ്ടുപോയത്. ഇതിനിടെ, ബൈക്കില്‍നിന്നു തോക്കെടുത്ത് ജാഫര്‍ പൊലീസിനു നേരെ വെടിവച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ എ.അരുണ്‍ പറഞ്ഞു.

സ്വയരക്ഷയ്ക്കാണു പൊലീസ് തിരികെ വെടിവച്ചതെന്നും നെഞ്ചില്‍ വെടിയേറ്റ ജാഫര്‍ ആശുപത്രിയില്‍ മരിച്ചെന്നും വ്യക്തമാക്കി. ജാഫറിനെതിരെ മഹാരാഷ്ട്രയില്‍ 150ലധികം കേസുകള്‍ ഉണ്ടെന്നു പൊലീസ് പറഞ്ഞു. പ്രതികളില്‍നിന്ന് മുഴുവന്‍ സ്വര്‍ണവും വീണ്ടെടുത്തു. ഒരു വര്‍ഷത്തിനിടയിലെ നാലാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകമാണിത്.
ചൊവ്വ രാവിലെ 6നും ഏഴിനും ഇടയില്‍ ചെന്നൈയില്‍ എട്ടിടത്താണു പ്രഭാതനടത്തത്തിനിറങ്ങിയ സ്ത്രീകളുടെ മാല പൊട്ടിച്ചത്. 26 പവന്‍ കവര്‍ന്ന ഇറാനി സംഘം നഗരം വിടുന്നതിനു മുന്‍പുതന്നെ പൊലീസ് പഴുതടച്ചു പരിശോധന ആരംഭിക്കുകയായിരുന്നു.
നഗരത്തിലുടനീളം നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് പലയിടങ്ങളില്‍നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ പ്രതികള്‍ വിമാനത്താവളത്തിലേക്കു പോയതായി കണ്ടെത്തി. അവസാന നിമിഷം 2 പേര്‍ ഹൈദരാബാദിലേക്ക് ടിക്കറ്റ് വാങ്ങാന്‍ ശ്രമിച്ചെന്ന വിവരം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു നിര്‍ണായകമായത്.
ഹൈദരാബാദിലേക്കു പുറപ്പെടാനൊരുങ്ങിയ വിമാനം തടഞ്ഞാണു പൊലീസ് ജാഫറിനെയും മേസം ഇറാനിയെയും പിടികൂടിയത്. ഇവരുടെ സംഘത്തില്‍പ്പെട്ട സല്‍മാന്‍ ഹുസൈന്‍ ട്രെയിനില്‍ ചെന്നൈയില്‍നിന്നു കടന്നെന്ന വിവരം ലഭിച്ചു. ഇയാളെ ആന്ധ്രപ്രദേശിലെ ഓങ്കോള്‍ സ്റ്റേഷനില്‍ നിന്ന് റെയില്‍വേ സുരക്ഷാസേനയും പിടികൂടി.