
ചെന്നൈ: ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് തമിഴ്‌നാട്ടിലും ആശാ വര്‍ക്കര്‍മാരുടെ പ്രതിഷേധം. തിങ്കളാഴ്ച ഡിണ്ടിഗല്‍ കലക്ടറേറ്റില്‍ പ്രതിഷേധ പ്രകടനം നടത്തി. സിഐടിയുവിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ ജില്ലാ സെക്രട്ടറി പിച്ചൈമ്മാള്‍, കണ്‍വീനര്‍ പി. സെല്‍വി എന്നിവര്‍ പങ്കെടുത്തു. ആശ പ്രവര്‍ത്തകരെ സ്ഥിരപ്പെടുത്തണമെന്നും 26,000 മിനിമം വേതനം നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. 10 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയവരെ ഹെല്‍ത്ത് നഴ്സ് കേഡറില്‍ നിയമിക്കണമെന്നും അവര്‍ പറഞ്ഞു.
ആശാ വര്‍ക്കര്‍മാരെ ഓവര്‍ടൈം ജോലിക്ക് നിര്‍ബന്ധിച്ചുവെന്നും ചൂണ്ടിക്കാട്ടി. ഇത് അവസാനിപ്പിച്ച് തൊഴിലാളികളോട് ശരിയായ രീതിയില്‍ പെരുമാറണം. തൊഴിലാളികള്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കണം. ഗ്രാറ്റുവിറ്റി, പിഎഫ്, ഇഎസ്‌ഐ എന്നിവ നടപ്പിലാക്കണം. കൂടാതെ ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഇരുവരും ആവശ്യപ്പെട്ടു.

അതേസമയം കേരളത്തില്‍ ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം 44-ാം ദിവസവും തുടരുകയാണ്. ആശമാര്‍ക്ക് പിന്തുണയുമായി ഐഎന്‍ടിയുസി ഇന്ന് ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. സമരത്തെ പിന്തുണക്കാത്തതില്‍ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് ഐഎന്‍ടിയുസി മാര്‍ച്ച് പ്രഖ്യാപിച്ചത്. ആശമാരുടെയും അങ്കണവാടി ജീവനക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നാളെ തദ്ദേശസ്വയംഭരണ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും.