CrimeNEWS

ജോധ്പൂരിലെ ട്രെയിനിംഗിനിടെ മലപ്പുറത്തുകാരനുമായി അടുത്തു, പിന്മാറ്റം വേദനയായി; സ്ഥിരം പോകുന്ന വഴിയില്‍ റെയില്‍വേ ട്രാക്ക് ഇല്ല; മകളുടെ മരണത്തില്‍ അസ്വാഭാവികതയെന്ന് മേഘയുടെ അച്ഛന്‍

തിരുവനന്തപുരം: മകളുടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടോ എന്ന് കണ്ടെത്തണമെന്ന് മേഘയുടെ പിതാവ് മധുസൂദനന്‍. കൊച്ചിയില്‍ ജോലി ചെയ്യുന്ന മലപ്പുറത്തുകാരനായ യുവാവിനെയാണ് കുടുംബം സംശയ നിഴലില്‍ കാണുന്നത്. സംഭവത്തില്‍ ഐബിക്കും പോലീസിനും പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥ, ഈഞ്ചയ്ക്കല്‍ പരക്കുടിയില്‍ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകന്‍ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകള്‍ മേഘ (24) മരിച്ചത്. മേഘയെ ചാക്കയില്‍ റെയില്‍വെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മേഘയുടെ അച്ഛനേയും അമ്മയേയും ആര്‍ക്കും ആശ്വസിപ്പിക്കാന്‍ പോലുമാകുന്നില്ല. വികാരനിര്‍ഭര രംഗങ്ങളാണ് ആ വീട്ടില്‍.

സഹപ്രവര്‍ത്തകന്‍ പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. വിഷയത്തില്‍ ദുരൂഹതയാരോപിച്ച് രക്ഷിതാക്കള്‍ ഐബിക്കും പോലീസിനും പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൃതദേഹം പത്തനംതിട്ട അതിരുങ്കല്ലിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മുറിയില്‍ പോകുന്നുവെന്ന് പറഞ്ഞ് പോയ മകള്‍ എങ്ങനെയാണ് റെയില്‍വേ ട്രാക്കില്‍ എത്തിയതെന്നും ഈ സമയത്ത് മകള്‍ക്ക് വന്ന ഫോണ്‍ കോള്‍ ആരുടേതായിരുന്നുവെന്നും പരിശോധിക്കണമെന്നും അച്ഛന്‍ ആവശ്യപ്പെട്ടു. സ്ഥിരം പോകുന്ന വഴിയില്‍ റെയില്‍വേ ട്രാക്ക് ഇല്ലെന്നും ഇത് മകളുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടാക്കുന്നുവെന്നും പിതാവ് ആരോപിച്ചു. ജോധ്പുരില്‍ ട്രെയിനിങ്ങിന് പോയപ്പോള്‍ അവിടെവെച്ച് ഒരു കുട്ടിയുമായി സൗഹൃദമുണ്ടായിരുന്നുവെന്ന് മകള്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Signature-ad

‘എഴ് മണിയാകുമ്പോള്‍ ഷിഫ്റ്റ് കഴിയും. ഞാന്‍ റൂമിലേക്ക് പോകുവാണ്. രാവിലെ കഴിക്കാന്‍ വേണ്ടി എന്തെങ്കിലും വാങ്ങി പോകും എന്നാണ് പറഞ്ഞത്. പിന്നീട് പത്ത് മണിയായപ്പോഴാണ് വിവരം കിട്ടുന്നത്, ട്രെയിന്‍ അപകടം സംഭവിച്ചുവെന്ന്. അപ്പോഴാണ് സംശയം വരുന്നത്. റൂമില്‍ പോകുന്ന വഴിക്ക് റെയില്‍വേ ട്രാക്ക് ഇല്ല. അകലെയുള്ള റെയില്‍വേ ട്രാക്കില്‍ കൂടി പോകണമെങ്കില്‍ ആ സമയത്ത് ആരെങ്കിലും വിളിച്ചിട്ടുണ്ടാകണം. സ്ഥിരം പോകുന്ന റൂട്ടില്‍ റെയില്‍വേ ട്രാക്ക് ഇല്ല. അതുകൊണ്ട് തന്നെ സംശയം തോന്നി. റൂമില്‍ പോകുന്നുവെന്ന് പറഞ്ഞ ശേഷമാണ് അവള്‍ റൂട്ട് മാറ്റിയത്. ചാനലില്‍ പറഞ്ഞു കേട്ടു, ഫോണില്‍ സംസാരിച്ചുകൊണ്ടാണ് പോയതെന്ന്. മൊബൈല്‍ ഫോണ്‍ ഒക്കെ പരിശോധിച്ച് എന്തെങ്കിലും അസ്വാഭാവികമായി നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തണം’ പിതാവ് ആവശ്യപ്പെട്ടു. പത്തനംതിട്ട അതിരുങ്കല്ലിലെ റിട്ടയേര്‍ഡ് അധ്യാപകനായ മധുസൂദനന്റെയും കളക്ടറേറ്റ് ജീവനക്കാരി നിഷയുടേയും ഏകമകളായിരുന്നു മേഘ.

പരിശീലനത്തിനിടെയാണ് മലപ്പുറം സ്വദേശി യുവാവുമായി മേഘ അടുത്തത്. ബന്ധുക്കള്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് മേഘയുടെ ഇഷ്ടത്തിനൊത്ത് നില്‍ക്കുകയായിരുന്നു. എന്നാല്‍, പിന്നീട് ഇയാള്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതായാണ് ആരോപണം. മലപ്പുറത്തെ യുവാവും മേഘയുടെ അതേ മതസ്ഥനായിരുന്നു. മേഘയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം. മൊബൈല്‍ കണ്ടെടുത്ത് കോള്‍ ലിസ്റ്റ് അടക്കം പരിശോധിച്ച ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരൂ എന്ന് മേഘയുടെ പിതൃസഹോദരന്‍ ബിജു പറഞ്ഞു. മേഘയെ കഴിഞ്ഞ ദിവസം ചാക്ക റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കൈയിലുണ്ടായിരുന്നു മൊബൈല്‍ ഫോണ്‍ തകര്‍ന്ന നിലയിലായിരുന്നു. ഇതില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് മേഘയുടെ കുടുംബം.

ഒരുവര്‍ഷം മുന്‍പാണ് എമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. മേഘയ്‌ക്കൊപ്പം ജോലിയില്‍ പ്രവേശിച്ച യുവാവാണ് ആരോപണ വിധേയന്‍. സുഹൃത്തുമായി മകള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഒരു പ്രശ്‌നം ഉണ്ടായതായി മാതാപിതാക്കള്‍ക്ക് അറിഞ്ഞിരുന്നില്ല. എന്നാല്‍ മരണത്തിന് പിന്നാലെ സഹപ്രവര്‍ത്തകര്‍ പങ്കുവെച്ച വിവരങ്ങളില്‍ നിന്നാണ് ചില ദുരൂഹതകളുണ്ട് എന്ന കാര്യം മനസ്സിലാകുന്നത്. അതിന് കാരണക്കാരനായിട്ടുള്ള സഹപ്രവര്‍ത്തകനായ ഐബി ഉദ്യോഗസ്ഥനിലേക്കും സംശയങ്ങളെത്തി. എമിഗ്രേഷന്‍ വിഭാഗത്തിലാണ് ഈ യുവാവും ജോലി ചെയ്യുന്നത്. ഐ ബി ഉദ്യോഗസ്ഥയെ ആത്മഹത്യയിലേക്ക് നയിച്ച സംഭവം എന്താണെന്ന് കണ്ടെത്താനാണ് പോലീസിന്റേയും ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: