
ഇടുക്കി: തൊടുപുഴ കലയന്താനിയില്‍ ദേവമാതാ കേറ്ററിങ് ജോമോന്. ടിപ്പര്‍, മണ്ണുമാന്തി, വര്‍ക്ഷോപ് അടക്കമുള്ള ബിസിനസുകള്‍ ബിജുവിന്. വാഹനം നന്നാക്കാനും മറ്റുമായി വര്‍ക്ഷോപ്പില്‍ ചെല്ലുമ്പോള്‍ ബിജുവുമായി ജോമോന്‍ പരിചയത്തിലായി. തുടര്‍ന്നു ബിസിനസ് പങ്കാളികളായി.ആദ്യഘട്ടത്തില്‍ കുഴപ്പമില്ലാതെ പോയി. ബിസിനസില്‍ കൂടുതല്‍ തുക ജോമോനു നിക്ഷേപിക്കേണ്ടതായി വന്നതോടെ തര്‍ക്കമായി. പാര്‍ട്‌നര്‍ഷിപ് പിരിഞ്ഞു. പിരിഞ്ഞപ്പോള്‍ അര്‍ഹതപ്പെട്ട ഷെയറോ വാഹനങ്ങളോ വസ്തുക്കളോ ലഭിച്ചില്ലെന്നു ജോമോന് പരാതിയായി.
ജോമോന്റെ കേറ്ററിങ് ബിസിനസ് നഷ്ടത്തിലായതോടെ വലിയ സാമ്പത്തികബാധ്യതയുമായി. പലയിടങ്ങളിലായി ഹോട്ടലുകള്‍ തുടങ്ങിയെങ്കിലും പരാജയപ്പെട്ടു. മേശയും കസേരയും ഫ്രീസറും വാടകയ്ക്കു നല്‍കിത്തുടങ്ങി. പക്ഷേ ബാങ്കില്‍ നിന്ന് ജപ്തി നടപടികള്‍ തുടങ്ങിയതോടെ കാശിന് ആവശ്യമായി. ഇതാണ് ബിജുവിനെതിരെ ക്വട്ടേഷന്‍ നല്‍കി പണം കൈക്കലാക്കാന്‍ ശ്രമിക്കാനുള്ള കാരണമായി പ്രതി ജോമോന്‍ പൊലീസിനോടു പറഞ്ഞത്.

കോലാനി മുളയിങ്കല്‍ ബിജു ജോസഫ് (50) ആണു കൊല്ലപ്പെട്ടത്. ബിജുവിന്റെ ബിസിനസ് പങ്കാളിയായ ദേവമാതാ കേറ്ററിങ് ഉടമ കലയന്താനി തേക്കുംകാട്ടില്‍ ജോമോന്‍ ജോസഫ് (51) ആണു മുഖ്യപ്രതി. ക്വട്ടേഷന്‍ സംഘാംഗങ്ങളായ എറണാകുളം എടവനക്കാട് പള്ളത്ത് മുഹമ്മദ് അസ്ലം (36), കണ്ണൂര്‍ ചെറുപുഴ കളരിക്കല്‍ ജോമിന്‍ കുര്യന്‍ (25), എറണാകുളം പറവൂര്‍ സ്വദേശി ആഷിക് ജോണ്‍സണ്‍ (27) എന്നിവരും പിടിയിലായി.
കേറ്ററിങ് സ്ഥാപനത്തിന്റെ ഗോഡൗണിലെ മാലിന്യക്കുഴിയിലേക്കുള്ള മാന്‍ഹോളില്‍ കുഴിച്ചിട്ട ബിജുവിന്റെ മൃതദേഹം പൊലീസ് ഇന്നലെ പുറത്തെടുത്തു. കാപ്പ കേസ് പ്രതിയായ ആഷിക്കിനെ വ്യാഴാഴ്ച പറവൂര്‍ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കൊലപാതക വിവരം അറിഞ്ഞിരുന്നില്ല. ഒന്നിച്ചു ചെയ്തിരുന്ന ബിസിനസില്‍നിന്നു പിന്‍മാറിയതോടെ അര്‍ഹമായ ഷെയര്‍ തനിക്കു ലഭിച്ചില്ലെന്നു ജോമോനു പരാതി ഉണ്ടായിരുന്നു. പൊലീസ് സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ജോമോനു പണം നല്‍കാമെന്നു ബിജു കരാര്‍ വച്ചിരുന്നു. കരാര്‍ ബിജു ലംഘിച്ചെന്നാണു ജോമോന്റെ മൊഴി.
തന്റെ ഡ്രൈവറായ ജോമിന്‍ വഴി ജോമോന്‍ ക്വട്ടേഷന്‍ സംഘത്തെ ബന്ധപ്പെട്ടു. ബൈക്കില്‍ പോവുകയായിരുന്ന ബിജുവിനെ വ്യാഴാഴ്ച പുലര്‍ച്ചെ കോലാനി പഞ്ചവടിപ്പാലത്തിനു സമീപം സംഘം വാനില്‍ തട്ടിക്കൊണ്ടുപോയി. വാനില്‍വച്ചു മര്‍ദിക്കുകയും ശബ്ദം പുറത്തുവരാതിരിക്കാന്‍ മുഖത്തു ചവിട്ടിപ്പിടിക്കുകയും ചെയ്തു. ഗോഡൗണിലെത്തിച്ചപ്പോഴേക്കും ബിജു കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നു മാന്‍ഹോളിലൂടെ മാലിന്യക്കുഴിയിലേക്കു തള്ളുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ബിജുവിന്റെ സംസ്‌കാരം നാളെ ചുങ്കം സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: മഞ്ജു. മക്കള്‍: അലീന, ആഷ്ലി, ആന്‍ ട്രീസ.