
ന്യൂഡല്‍ഹി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ രംഗത്ത്. പൈലറ്റുമാര്‍ക്കായി വിമാനത്തിനുള്ളില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നുവെന്നാണ് അദ്ദേഹം തന്റെ എക്‌സ് പേജില്‍ കുറിച്ചത്.
‘പൈലറ്റുമാരില്ലാത്ത വിമാനത്തില്‍ കയറി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. വിമാനത്തില്‍ പൈലറ്റുമാരില്ലെന്ന് അറിഞ്ഞുകൊണ്ട് നിങ്ങള്‍ എന്തിനാണ് യാത്രക്കാരെ കയറ്റുന്നത്?’ എന്നായിരുന്നു ഡേവിഡ് വാര്‍ണറുടെ കുറിപ്പ്. എയര്‍ ഇന്ത്യയുടെ ഔദ്യോഗിക എക്‌സ് പേജിനെ ടാഗ് ചെയ്തായിരുന്നു പരാമര്‍ശം. ഡേവിഡ് വാര്‍ണറുടെ കുറിപ്പ് ചര്‍ച്ചയായതിന് പിന്നാലെ മറുപടിയുമായി എയര്‍ ഇന്ത്യയും രംഗത്തെത്തി.

‘പ്രിയപ്പെട്ട വാര്‍ണര്‍, ബംഗളൂരുവിലെ ഇന്നത്തെ മോശം കാലാവസ്ഥ എല്ലാ എയര്‍ലൈനുകള്‍ക്കും യാത്രാ തടസത്തിനും കാലതാമസത്തിനും കാരണമായി. ഈ കാരണങ്ങളാല്‍ നിങ്ങളുടെ വിമാനത്തിലേക്ക് നിശ്ചയിച്ചിരുന്ന ജീവനക്കാര്‍ പുറപ്പെടാന്‍ വൈകി. നിങ്ങളുടെ ക്ഷമയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു’,- എന്നായിരുന്നു എയര്‍ ഇന്ത്യയുടെ മറുപടി.