
ഇടുക്കി: തൊടുപുഴ ചുങ്കത്ത് നിന്ന് മൂന്നുദിവസം മുമ്പ് കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം. ചുങ്കം സ്വദേശി ബിജു ജോസഫിനെയാണ് കാണാതായത്. കലയന്താനിക്ക് സമീപം ദേവമാതാ കാറ്ററിങ് എന്ന സ്ഥാപനം നടത്തുന്ന ആളുടെ ഗോഡൗണിലെ മാന്‍ഹോളില്‍ മൃതദേഹം ഒളിപ്പിച്ചെന്നാണ് പോലീസില്‍നിന്നും ലഭിക്കുന്ന വിവരം. സംഭവത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ഗോഡൗണിലേക്കെത്തിച്ച് പരിശോധന ആരംഭിച്ചു.
എറണാകുളം പറവൂരില്‍നിന്ന് ഒളിവില്‍പോയ കാപ്പ കേസ് പ്രതിക്കായി നടത്തിയ തിരച്ചിലാണ് ബിജു ജോസഫിന്റെ കേസില്‍ വഴിത്തിരിവായത്. കാപ്പ കേസ് പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍, ബിജു ജോസഫിന്റെ മൃതദേഹം ഉണ്ടെന്നു കരുതുന്ന ഗോഡൗണില്‍നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.

ഇതിനിടെയാണ് ബിജുവിനെ കാണാനില്ലെന്ന പരാതി കുടുംബം നല്‍കിയത്. സംഭവത്തില്‍ പങ്കുണ്ടെന്ന് കുടുംബം സംശയിക്കുന്നവരുടെ കൂട്ടത്തില്‍ ദേവമാതാ കാറ്ററിങ് നടത്തുന്ന ജോമോന്‍ എന്നയാളുടെയും പേരുണ്ടായിരുന്നു. തുടര്‍ന്ന് കാപ്പ കേസ് പ്രതിയെ ചോദ്യം ചെയ്തതോടെയാണ് ബിജു ജോസഫിനെ കൊലപ്പെടുത്തിയെന്ന വിവരം പോലീസിന് ലഭിച്ചത്. മൃതദേഹം ഒളിപ്പിച്ച സ്ഥലം സംബന്ധിച്ച് മൊഴി മാറ്റിയെങ്കിലും ഗോഡൗണില്‍തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
കൊല്ലപ്പെട്ട ബിജു ജോസഫിനും പ്രതികളെന്ന് സംശയിക്കുന്നവരില്‍ ഒരാളും തമ്മില്‍ പങ്കാളികളായിരുന്നു. ‘ദേവമാതാ’ എന്ന എന്ന പേരിലുള്ള കാറ്ററിങ് സ്ഥാപനവും മൊബൈല്‍ മോര്‍ച്ചറിയും ഇവര്‍ നടത്തിയിരുന്നു. എന്നാല്‍, പിന്നീട് ഇരുവരും തമ്മില്‍ ബിസിനസ് പങ്കാളിത്തത്തിന്റെ പേരില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായി. കോടതിയില്‍ കേസും നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.