KeralaNEWS

ബിജെപി സംസ്ഥാന പ്രസിഡന്റ് തിങ്കളാഴ്ച; അഭ്യൂഹങ്ങളുമായി അരഡസനോളം പേരുകള്‍

തിരുവനന്തപുരം: ബിജെപി കേന്ദ്രഘടകത്തിന്റെ രഹസ്യപ്പട്ടികയിലെ കേരളഘടകം സംസ്ഥാനപ്രസിഡന്റിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും. പ്രസിഡന്റുസ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാവില്‍നിന്ന് ഞായറാഴ്ച പത്രിക സ്വീകരിക്കും. മത്സരം ഒഴിവാക്കാന്‍ ഒരാളില്‍നിന്നേ പത്രിക സ്വീകരിക്കാന്‍ സാധ്യതയുള്ളൂ.

പ്രസിഡന്റാകാന്‍ സാധ്യതയുള്ള അരഡസനോളം നേതാക്കളുടെ പേരുകള്‍ പ്രചരിക്കുന്നതോടെ അഭ്യൂഹങ്ങള്‍ക്കും അറുതിയില്ല. നിലവിലുള്ള പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തുടരുമോ മറ്റാരുടെയെങ്കിലും കൈകളില്‍ പദവിയെത്തുമോ എന്നതാണ് പാര്‍ട്ടിഘടകങ്ങള്‍ ഉറ്റുനോക്കുന്നത്.

Signature-ad

ഞായറാഴ്ച രാവിലെ കോര്‍കമ്മിറ്റിയോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. സംസ്ഥാനപ്രസിഡന്റിനെ നിശ്ചയിക്കുന്നത് പൂര്‍ണമായും കേന്ദ്രഘടകത്തിന്റെ തീരുമാനമായതിനാല്‍ ആരാകുമെന്നതില്‍ സംസ്ഥാനത്തെ നേതാക്കള്‍ക്കും ഇതുവരെ സൂചനകളൊന്നുമില്ല. കേരളത്തില്‍വെച്ചുതന്നെ പ്രസിഡന്റിനെ പ്രഖ്യാപിക്കും.

2020 ഫെബ്രുവരിയിലാണ് സുരേന്ദ്രന്‍ പ്രസിഡന്റായത്. തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ജയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം ഉയര്‍ന്നത്, തദ്ദേശസ്ഥാപന-നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു തുടങ്ങിയവ സുരേന്ദ്രന് അനുകൂലമാകുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ വിശ്വസിക്കുന്നു. ആര്‍എസ്എസ് പിന്തുണയുണ്ടെന്നും ഇക്കൂട്ടര്‍ അവകാശപ്പെടുന്നു.

എന്നാല്‍, ആദ്യടേം കഴിഞ്ഞും തുടരുന്ന സുരേന്ദ്രനുപകരം ഇപ്പോള്‍ ജനറല്‍ സെക്രട്ടറിയായ എം.ടി. രമേശിന് അനുകൂലസാഹചര്യമാണെന്നാണ് പി.കെ. കൃഷ്ണദാസ് പക്ഷത്തെ നേതാക്കള്‍ പറയുന്നത്. വനിതാപ്രസിഡന്റുമതിയെന്ന് കേന്ദ്രഘടകം തീരുമാനിച്ചാല്‍ ഇപ്പോള്‍ വൈസ് പ്രസിഡന്റായ ശോഭാ സുരേന്ദ്രനാണ് സാധ്യത.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായിരുന്ന മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് സാധ്യതാപട്ടികയിലെ മറ്റൊരാള്‍. മുന്‍ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായിരുന്ന വി. മുരളീധരനെ വീണ്ടും പരിഗണിച്ചുകൂടെന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: