
ആലപ്പുഴ: കലവൂരില്‍ സൈക്കിളില്‍ പോയ യുവാവിനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ വാഹനം 10 ദിവസം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ കണ്ടെത്തി. അപകടം പുലര്‍ച്ചെയായിരുന്നതിനാല്‍ സമയത്ത് സ്ഥിരമായി വരുന്ന വാഹനങ്ങള്‍, അപകടം നടന്ന സമയം കടന്നുപോയ വാഹനങ്ങള്‍, വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവയെല്ലാം പരിശോധിച്ചും പലരെയും ചോദ്യം ചെയ്തുമാണ് മണ്ണഞ്ചേരി പൊലീസ് വാഹനം കണ്ടെത്തിയത്.
പാല്‍ വിതരണം നടത്തുന്ന കളമശേരിയിലെ ഏജന്‍സിയുടെ വാഹനവും ഡ്രൈവര്‍ കണ്ണൂര്‍ മുണ്ടേരി പഞ്ചായത്ത് മോവച്ചേരിയില്‍ റഷീദാ മന്‍സിലില്‍ മുഹമ്മദ് ഫര്‍സീനെയുമാണ് കസ്റ്റഡിയിലെടുത്തത്. ദേശീയപാതയില്‍ കലവൂര്‍ ജംക്ഷന് വടക്ക് കഴിഞ്ഞ 7ന് പുലര്‍ച്ചെയാണ് അജ്ഞാത വാഹനം ഇടിച്ച് മണ്ണഞ്ചേരി പഞ്ചായത്ത് 20 ാം വാര്‍ഡ് പീടികപറമ്പില്‍ ആര്‍.രതീഷ്(43) മരിച്ചത്. പുന്നപ്ര മില്‍മയിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന രതീഷ് രാവിലെ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം.

ഭാര്യയും സ്‌കൂള്‍ കുട്ടികളായ 2 മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രതീഷ്. അപകടം നടന്ന സ്ഥലത്ത് സിസിടിവി ഇല്ലാതിരുന്നതിനാല്‍ സമീപ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളെയാണ് പൊലീസ് ആശ്രയിച്ചത്. നാലുമാസം മുന്‍പ് മാത്രമാണ് രതീഷിന് മില്‍മയില്‍ താല്‍ക്കാലിക ജോലി ലഭിച്ചത്. ഇതോടെ ഏറെ പ്രതീക്ഷയിലായിരുന്നു കുടുംബം. ഇടിച്ച വാഹനം കണ്ടെത്താഞ്ഞതിനാല്‍ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമോ എന്നു സംശയമായിരുന്നു. ഇരുന്നൂറോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചതിനൊടുവിലാണ് വാഹനം കണ്ടെത്താന്‍ സാധിച്ചതെന്ന് മണ്ണഞ്ചേരി എസ്എച്ച്ഒ പി.ജെ.ടോണ്‍സണും എസ്‌ഐ കെ.ആര്‍.ബിജുവും പറഞ്ഞു.
അതേസമയം, അപകടത്തില്‍പ്പെട്ട വാഹനം കണ്ടെത്തിയത് പൊലീസിന്റെ കഠിന പരിശ്രമത്തിലൂടെ. അരൂര്‍ ടോള്‍ ഗേറ്റിലെ ക്യാമറയും ചങ്ങനാശേരി മുക്ക്, കൈതവന തുടങ്ങിയ ഭാഗങ്ങളിലെ ക്യാമറകളും പരിശോധിച്ചു. മൂടിയുള്ള പെട്ടിഓട്ടോയാണ് അപകടമുണ്ടാക്കിയതെന്ന് സൂചന ലഭിച്ചെങ്കിലും ഏതു വണ്ടിയാണെന്ന് വ്യക്തമായില്ല. അങ്ങനെയാണ് മാമൂട് ജംക്ഷന് കിഴക്കോട്ട് ഇത്തരത്തിലുള്ള വാഹനം അന്നേ ദിവസം പോകുന്നത് കണ്ടത്.
അന്വേഷണത്തില്‍ സമീപത്തെ പശുഫാമിലേക്കു വരുന്ന വാഹനമാണെന്ന് മനസ്സിലാക്കി. തുടര്‍ന്ന് ഫാമിലെ തൊഴിലാളികളെ ചോദ്യം ചെയ്തതില്‍ അന്നേ ദിവസം വന്ന പെട്ടിഓട്ടോയുടെ ചില്ല് പൊട്ടിയിരുന്നതായി അറിഞ്ഞു. അങ്ങനെയാണ് വാഹന ഉടമയെ കണ്ടെത്തിയത്. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവറെ പിടികൂടിയത്. വാഹനം എന്തിനെയോ ഇടിച്ചതായി തോന്നിയപ്പോള്‍ ഇറങ്ങി നോക്കിയെങ്കിലും ഒന്നും കാണാത്തതിനാലാണ് പോയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്.