KeralaNEWS

കളഞ്ഞുകിട്ടിയ ATM കാര്‍ഡ് ഉപയോഗിച്ച് പണം തട്ടി; വനിതാ നേതാവിനെ ബിജെപി സസ്പെന്‍ഡ് ചെയ്തു

ആലപ്പുഴ: കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ ബിജെപി നേതാവിനെ സസ്പെന്‍ഡ് ചെയ്തു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ അംഗം വനവാതുക്കര തോണ്ടറപ്പടിയില്‍ വലിയ കോവിലാല്‍ വീട്ടില്‍ സുജന്യ ഗോപി (42) യെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും പഞ്ചായത്ത് സ്ഥാനം രാജിവെപ്പിക്കുകയും ചെയ്തത്. സുകന്യയെ ബിജെപിയുടെ പ്രാഥമിക അംഗത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ അധ്യക്ഷന്‍ സന്ദീപ് വചസ്പതി അറിയിച്ചു .

കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് മൂന്ന് എടിഎമ്മുകളില്‍ നിന്നായിരുന്നു ബിജെപി ബ്ലോക്ക് പഞ്ചായത്ത് വനിതാ അംഗവും സുഹൃത്തും ഓട്ടോ ഡ്രൈവറുമായ സലിഷ് മോനും (46) പണം പിന്‍വലിച്ചിരുന്നത്. ഇരുവരെയും ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

Signature-ad

ചെങ്ങന്നൂര്‍ വാഴാര്‍മംഗലം കണ്ടത്തുംകുഴിയില്‍ വിനോദ് ഏബ്രഹാമിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 14 ന് രാത്രി കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായ ഭാര്യയെ ജോലിക്കായി കൊണ്ടു വിട്ട ശേഷം തിരിച്ചു വീട്ടിലേക്ക് വരുമ്പോഴാണ് വിനോദിന്റെ എടിഎം കാര്‍ഡ് അടങ്ങിയ പേഴ്സ് നഷ്ടമായത്. വഴിയില്‍ നിന്നും ഓട്ടോ ഡ്രൈവറായ സലിഷ് മോന് പേഴ്സ് ലഭിച്ചു. തുടര്‍ന്ന് ഇരുവരും ചെങ്ങന്നൂരിലെ വിവിധ എടിഎം കൗണ്ടറില്‍ നിന്ന് 25000 രൂപ പിന്‍വലിച്ചു.

എടിഎം കാര്‍ഡിനോടൊപ്പം എഴുതി സൂക്ഷിച്ചിരുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് തുക പിന്‍വലിച്ചത്. തുക പിന്‍വലിച്ചതായുള്ള ബാങ്കിന്റെ സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പണം നഷ്ടമായ വിവരം വിനോദ് അറിയുന്നത്. പിന്നീട് കല്ലിശ്ശേരി-ഓതറ റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്ത് നിന്നും എടിഎം കാര്‍ഡ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പരാതിയില്‍ ചെങ്ങന്നൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിസിടി ദൃശ്യങ്ങളില്‍ ഇവര്‍ എടിഎം കൗണ്ടറുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: