
തിരുവനന്തപുരം: 36 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വ്യാഴം മുതല്‍ നിരാഹാര സമരം പ്രഖ്യാപിച്ചു. സമരത്തിന്റെ മൂന്നാം ഘട്ടമാണിത്. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുന്നതിന് എതിരെയാണ് നിരാഹാരം. ഇന്നു രാവിലെ ആരംഭിച്ച സെക്രട്ടേറിയറ്റ് ഉപരോധം പൂര്‍ണമാണ്. വൈകിട്ട് 6 വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ഉപരോധം നടക്കുന്നതിനിടെ, ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം ലഭിക്കുന്നതിനു നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു.

മാനദണ്ഡങ്ങള്‍ പിന്‍വലിച്ചതില്‍ സന്തോഷമുണ്ടെന്നും സമര വിജയമാണിതെന്നും നേതാക്കള്‍ പറഞ്ഞു. അതേസമയം, സമരം അവസാനിപ്പിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ മാസം 10 മുതലാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സമരം തുടങ്ങിയത്.