NEWSWorld

പാകിസ്താനില്‍ വീണ്ടും അജ്ഞാത വിളയാട്ടം; കൊടുംഭീകരന്‍ അബു ഖത്തല്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ അബു ഖത്തല്‍ എന്ന ഫൈസല്‍ നദീം പാകിസ്താനില്‍ വെടിയേറ്റു മരിച്ചു. ശനിയാഴ്ച രാത്രി പഞ്ചാബ് പ്രവിശ്യയിലെ ഝലം ജില്ലയിലാണ് സംഭവം. സംഭവത്തിന് പിന്നില്‍ ആരാണെന്ന വിവരം പുറത്തുവന്നിട്ടില്ല.

ജമ്മു കശ്മീരില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ഖത്തല്‍, 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയിദിന്റെ അടുത്ത ബന്ധുവും സഹായിയായിരുന്നു. ഹാഫിസ് സയിദാണ് ലഷ്‌കര്‍ ഈ ത്വയ്ബയുടെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറായി ഖത്തലിനെ നിയമിക്കുന്നത്.

Signature-ad

ജമ്മു കശ്മീരിലെ ശിവ്ഖോരി സന്ദര്‍ശിക്കാനെത്തിയ തീര്‍ഥാടകര്‍ക്ക് നേരേയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനാണ് ഖത്തല്‍. 2024 ജൂണ്‍ 9 ന് റാസി ജില്ലയിലാണ് സംഭവം നടന്നത്. തീര്‍ഥാടകരുടെ ബസിന് നേരേ ഭീകരസംഘം വെടിയുതിര്‍ക്കുകയും തുടര്‍ന്ന് ബസ് മലയിടുക്കിലേക്ക് മറിയുകയും ചെയ്തു. രണ്ടു വയസ്സുള്ള ഒരു കുഞ്ഞടക്കം ഒന്‍പത് പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. 41 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആകെ പത്ത് പേര്‍ക്കാണ് ഭീകരുടെ വെടിയേറ്റിരുന്നത്.

2023 ജനുവരി 1 മുതല്‍ 2 വരെ നടന്ന രാജസ്ഥാനിലെ രജൗരി ആക്രമണത്തിലും ഖത്തലിന് പങ്കുണ്ട്. രജൗരിയിലെ ദാംഗ്രി വില്ലേജിലെ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഭീകരര്‍ ആക്രമണം നടത്തിയത്. രണ്ട് കുട്ടികളടക്കം ഏഴു പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. 12 പേര്‍ക്ക് പരിക്കേറ്റു.

2023 ജനുവരി ഒന്നിന് നടന്ന രജൗരി ആക്രമണം സംബന്ധിച്ച ദേശീയ അന്വേഷണ ഏജന്‍സിയുടെ കുറ്റപത്രത്തില്‍ അബു ഖത്തലും ഉള്‍പ്പെട്ടിരുന്നു. ലഷ്‌കര്‍ ഇ ത്വയ്ബയുടെ മൂന്നു ഭീകരര്‍ ഉള്‍പ്പെടെ അഞ്ചു പേരായിരുന്നു സംഭവത്തിലെ പ്രതികള്‍. ദേശീയ അന്വേഷണ ഏജന്‍സിയുടെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയില്‍ ഉണ്ടായിരുന്ന ഭീകരവാദിയാണ് ഖത്തല്‍. സുരക്ഷാസേനയും സുരക്ഷാ ഏജന്‍സികളും കുറച്ചുകാലങ്ങളായി ഇയാള്‍ക്ക് പിറകിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: