CrimeNEWS

മുന്‍കൂറായി പണം നല്‍കുന്നവര്‍ക്ക് ആനകൂല്യം; ‘പോളി’ ഹോസ്റ്റലിലെ കഞ്ചാവ് വില്‍പ്പന ‘ഓഫറില്‍’! കുടുക്കിയത് പ്രിന്‍സിപ്പലിന്റെ ഇടപെടല്‍

കൊച്ചി: കളമശ്ശേരി ഗവ പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പ്പന നടത്തിയത് ഓഫറില്‍ എന്ന് പ്രതികളുടെ മൊഴി. മുന്‍കൂറായി പണം നല്‍കുന്നവര്‍ക്കാണ് ഓഫര്‍ അനുകൂല്യം ലഭിക്കുക. ഹോളി ആഘോഷത്തിന്റെ ഭാഗമായി 500 രൂപ മുതലാണ് കഞ്ചാവ് വില്‍പ്പന നടത്തിയതെന്നാണു സൂചന. അതുകൊണ്ട് തന്നെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഫോണ്‍ രേഖകളും അന്വേഷണസംഘം പരിശോധിക്കും. അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച വിദ്യാര്‍ഥികളെ ആവശ്യമെങ്കില്‍ പൊലീസ് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യും.

അതേസമയം, കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ടുപേരെ കൂടി കസ്റ്റഡിയിലെടുത്തു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചുനല്‍കിയെന്നു കരുതുന്ന ആലുവ സ്വദേശിയായ ആഷികും ഒപ്പമുണ്ടായിരുന്ന ഷാരിഖുമാണ് പിടിയിലായത്. കളമശേരി പോളിടെക്നിക്കിലെ പൂര്‍വ വിദ്യാര്‍ഥിയാണ് ആഷിക്. വെള്ളിയാഴ്ച രാത്രിയാണ് പൊലീസ് ആഷിക്കിനെ കസ്റ്റഡിയില്‍ എടുത്തത്.

Signature-ad

അതിനിടെ, ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് പിടിച്ച റെയ്ഡിന് കാരണമായത് പ്രിന്‍സിപ്പലിന്റെ നിര്‍ണായക ഇടപെടലാണ്. ക്യാംപസില്‍ ഹോളി ആഘോഷത്തിന്റെ ഭാഗമായി ലഹരിമരുന്ന് ഉപയോഗം ഉണ്ടാകാന്‍ ഇടയുണ്ടെന്നും ഇതിനായി പണപ്പിരിവ് നടക്കുന്നുണ്ടെന്നും കാട്ടി പ്രിന്‍സിപ്പല്‍ ഡോ. ഐജു തോമസ് പൊലീസിന് നല്‍കിയ വിവരമാണ് വ്യാഴാഴ്ച നടന്ന റെയ്ഡിലേക്ക് എത്തിച്ചത്. ലഹരി മരുന്നിനായി പണപ്പിരിവ് നടത്തുന്നതായ നിര്‍ണായക വിവരങ്ങളടക്കം പ്രിന്‍സിപ്പല്‍ പൊലീസിനെ അറിയിക്കുന്നത്. ‘ഈ സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ 14ാം തിയതി ഉച്ച മുതല്‍ ഹോളി ആഘോഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

മദ്യം, ലഹരി മരുന്ന്, മറ്റു ലഹരി പദാര്‍ഥങ്ങളുടെയും അനിയന്ത്രിത ഉപയോഗം അന്നേ ദിവസം ഉണ്ടാകും എന്ന് വിശ്വസനീയ ഉറവിടങ്ങളില്‍നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഈ ആവശ്യത്തിലേക്കായി പണപ്പിരിവ് നടത്തുന്നതായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ അവസരത്തില്‍ ക്യാംപസിനുള്ളില്‍ പൊലീസിന്റെ സാന്നിധ്യം ഉണ്ടാകണമെന്നും നിരീക്ഷണം കൂടുതല്‍ ശക്തമാക്കണമെന്നും ക്യാംപസിനു പുറത്തും ഹോസ്റ്റല്‍ കേന്ദ്രീകരിച്ചും ലഹരി ഉപയോഗത്തിനെതിരെ സമുചിതമായ ഇടപെടല്‍ ഉണ്ടാകണമെന്നും അപേക്ഷിക്കുന്നു’, ഇതാണ് പ്രിന്‍സിപ്പല്‍ ഡിസിപിക്ക് നല്‍കിയ കത്തിലെ വിവരങ്ങള്‍.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: