
കൊച്ചി: വൈറ്റില ചന്ദർകുഞ്ജ് ആർമി ഫ്ലാറ്റ് സമുച്ചയത്തിൽ ബലക്ഷയം കണ്ടെത്തിയ ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നത് മരട് ഫ്ലാറ്റ് പൊളിച്ച അതേ മാതൃകയിൽ. അവിടെ നിയന്ത്രിത ബോംബ് സ്ഫോടനത്തിലൂടെയാണ് കൃത്യം നടത്തിയത്. എറണാകുളം വൈറ്റിലയിലെ ചന്ദർകുഞ്ജ് ആർമി ഫ്ലാറ്റ് സമുച്ചയം 6 മാസത്തിനുള്ളിൽ പൊളിച്ച് നീക്കണമെന്നായിരുന്നു കോടതി നിർദ്ദേശം. ബലക്ഷയം മൂലം ഇവിടെ താമസിക്കുന്നത് അപകടകരമാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഫ്ലാറ്റ് സമുച്ചയം പൊളിച്ച് നിക്കുന്നത്.
ചന്ദർകുഞ്ച് അപ്പാർട്ടുമെൻ്റിലെ ബി, സി ബ്ലോക്കുകളാണ് പൊളിച്ച് നിക്കുക. എ ബ്ലോക്ക് നിലനിർത്തും. പൊളിക്കുന്നത് സംബന്ധിച്ച വിദഗ്ധ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ച ശേഷമാകും കരാർ അടക്കമുള്ള നടപടികളിലേക്ക് കടക്കുക.

മരട് ഫ്ലാറ്റ് പൊളിച്ച അതേ മാതൃകയിൽ ചന്ദർകുഞ്ജ് ഫ്ലാറ്റ് സമുച്ചയം പൊളിക്കാനാകുമെന്ന് കൂറ്റൻ നിർമിതികൾ പൊളിച്ചുനീക്കാൻ വൈദഗ്ധ്യമുള്ള സൗത്താഫ്രിക്കയിലെ എഡിഫസ് കമ്പനി, ചെന്നൈയിലെ വിജയ സ്റ്റീൽസ് തുടങ്ങിയവർ അറിയിച്ചിരിക്കുന്നത്. 6 മാസത്തെ സമയം ആവശ്യമാണ്. ഒറ്റ സ്ഫോടനത്തിലൂടെ 2 ഫ്ലാറ്റ് സമുച്ചയങ്ങളും പൊളിച്ച് നിക്കാൻ സാധിക്കും. 10 സെക്കൻ്റിനുള്ളിൽ 26 നിലകൾ തകർക്കാനാകും.
ഫ്ലാറ്റ് സമുച്ചയം തകർത്ത ശേഷം കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ മൂന്ന് മാസം വേണം. അവശിഷ്ടങ്ങൾ പൂർണമായും നീക്കിയ ശേഷം ആവശ്യമായ പഠനങ്ങൾക്കും പരിശോധനകൾക്കും ശേഷം ഇതേ സ്ഥലത്ത് തന്നെ പുതിയ ഫ്ലാറ്റ് സമുച്ചയം നിർമിക്കാനാകും. ചന്ദര്‍കുഞ്ജ് ഫ്ലാറ്റിലെ ബി, സി ടവറുകള്‍ പൂര്‍ണ്ണമായും പൊളിച്ച് നീക്കി പുനര്‍ നിര്‍മ്മിക്കുന്നതിനായി 175 കോടി രൂപ ചെലവ് വരുമെന്നാണ് ആര്‍മി വെല്‍ഫെയര്‍ ഹൗസിങ് ഓര്‍ഗനൈസേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കുന്നത്.
വൈറ്റിലയിലെ ചന്ദർകുഞ്ജ് ആർമി ഫ്ലാറ്റ് സമുച്ചയം അതിവേഗം തകർക്കാനാകുമെങ്കിലും സമീപത്തെ വലിയ നിർമിതികൾക്ക് അപകടരമാകുമോ എന്ന കാര്യം പരിശോധിക്കും. സമീപത്തായി മറ്റൊരു ഫ്ലാറ്റ് സമുച്ചയം സ്ഥിതി ചെയ്യുന്നതും കൊച്ചി മെട്രോ ലൈൻ കടന്നുപോകുന്നതും വെല്ലുവിളിയുയർത്തും.
തീരദേശപരിപാലന നിയമം ലംഘിച്ചതിന് 4 വൻകിട ഫ്ലാറ്റ് സമുച്ചയങ്ങളാണ് സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടർന്ന് 2020 ജനുവരി 11, 12 തീയതികളിൽ തകർത്തത്. ഹോളി ഫെയ്ത് എച്ച് ടുഒ, ഗോൾഡൻ കായലോരം, ജെയിൻ കോറൽ കോവ്, നെആൽഫ സെറിൻ എന്നീ ഫ്ലാറ്റുകളാണ് പൂർണമായി പൊളിച്ചു നീക്കിയത്. ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്.