
കൊച്ചി: കളമശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍നിന്നു പൊലീസ് കഞ്ചാവ് പിടികൂടിയത് വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍. ഹോളി ആഘോഷത്തിന്റെ പേരില്‍ ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പനയ്ക്കെത്തിക്കുന്നുണ്ടെന്നും അതിനായി പണപ്പിരിവു നടന്നെന്നും പൊലീസിനു വിവരം കിട്ടിയിരുന്നു. കളമശേരി പോളിടെക്‌നിക് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്‍പനയും നടക്കുന്നെന്ന വിവരത്തെ തുടര്‍ന്ന്, നേരത്തേ പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇവിടം.
ഹോളി ആഘോഷത്തിനിടെ വലിയ അളവില്‍ കഞ്ചാവ് എത്തിച്ചെന്ന വിവരത്തെ തുടര്‍ന്നായിരുന്നു രാത്രിയില്‍ നടത്തിയ മിന്നല്‍പരിശോധന. പോളിടെക്‌നിക് പരിസരത്ത് വച്ച് ഇവിടുത്തെ ഒരു പൂര്‍വവിദ്യാര്‍ഥിയെ കഞ്ചാവുമായി പൊലീസ് അടുത്തിടെ പിടികൂടിയിരുന്നു. ഇയാളില്‍നിന്ന് കിട്ടിയ വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് എന്നു കരുതുന്നു.

വ്യാഴം രാത്രി ഒന്‍പതുമണിയോടെയാണ് നാര്‍ക്കോട്ടിക് സെല്‍, ഡാന്‍സാഫ്, കളമശേരി പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്. ജില്ലാ പൊലീസ് മേധാവി പുട്ട വിമലാദിത്യയുടെ നിര്‍ദേശമനുസരിച്ചായിരുന്നു പരിശോധന. പുലര്‍ച്ചെ നാലു വരെ നീണ്ട റെയ്ഡില്‍ രണ്ടു കിലോയോളം കഞ്ചാവാണ് പിടിച്ചത്. ഒന്നാം നിലയില്‍ ജി11 മുറിയില്‍നിന്ന് 1.909 കിലോഗ്രാം കഞ്ചാവും ഇലക്ട്രോണിക് ത്രാസും പിടിച്ചു. രണ്ടാം നിലയിലെ എഫ്39 മുറിയില്‍നിന്ന് 9.70 ഗ്രാമും പിടിച്ചു. മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകളും ഇവിടെനിന്നു കണ്ടെടുത്തിട്ടുണ്ട്.
മനപ്പൂര്‍വം കേസില്‍ കുരുക്കിയതാണെന്ന പ്രതികളുടെ ആരോപണം പൊലീസ് നിഷേധിച്ചിട്ടുണ്ട്. എല്ലാ തെളിവുകളോടും കൂടി നിയമാനുസൃതമാണ് പരിശോധന നടത്തിയതെന്നു പൊലീസ് പറയുന്നു. ഹോസ്റ്റലില്‍ പൂര്‍വ വിദ്യാര്‍ഥികളടക്കം വന്നു പോകുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍, കഞ്ചാവ് എവിടെനിന്ന് എത്തി എന്നതടക്കമുള്ള വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും പൊലീസ് പറയുന്നു.
അതേസമയം, ക്യാംപസില്‍നിന്നു മുന്‍പും ചെറിയ അളവില്‍ ലഹരിമരുന്നു പിടികൂടിയിട്ടുണ്ടെന്നും ലഹരിയുടെ വരവു തടയാന്‍ ആറുമാസമായി പൊലീസുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും പോളി ടെക്‌നിക് പ്രിന്‍സിപ്പല്‍ ഡോ. ഐജു തോമസ് പറഞ്ഞു.