
പാലക്കാട്: കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യന്റെ നഗ്നചിത്രവും ദൃശ്യവും പകര്‍ത്തി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയെന്ന കേസില്‍ പിടിയിലായ പ്രതികളെ ജില്ലാ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു. മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂരില്‍ താമസിക്കുന്ന മൈമൂന (44), നല്ലേപ്പിള്ളി പാറക്കാല്‍ വട്ടേക്കാട് എസ്. ശ്രീജേഷ് (24) എന്നിവരാണ് റിമാന്‍ഡിലായത്.
മുഖ്യപ്രതികളായ കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ള എന്‍. പ്രതീഷ് (36), നല്ലേപ്പിള്ളി കുറ്റിപ്പള്ളം ജിതിന്‍ (24) എന്നിവര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേര്‍കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ചു പൊലീസ്: ചൊവ്വാഴ്ച വൈകിട്ട് മൈമുനയും ഒരു യുവാവും കൊല്ലങ്കോട്ടെ ജ്യോത്സ്യന്റെ വീട്ടിലെത്തി. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പൂജ ചെയ്തു പരിഹാരം കാണണമെന്നും പറഞ്ഞു. ഇന്നലെ രാവിലെ പതിനൊന്നോടെ കൊഴിഞ്ഞാമ്പാറയിലെത്തിയ ജ്യോത്സ്യനെ രണ്ട് യുവാക്കള്‍ ചേര്‍ന്നു കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്കു കൊണ്ടുപോയി. കൊലപാതകം ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളില്‍ പ്രതിയായ പ്രതീഷിന്റെ വീടായിരുന്നു അത്.
വീട്ടില്‍ പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രതീഷ് ജ്യോത്സ്യനെ അസഭ്യം പറഞ്ഞ് മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി മര്‍ദിച്ചു വിവസ്ത്രനാക്കി. അതിനുശേഷം നഗ്നയായി മുറിയിലെത്തിയ സ്ത്രീയെ ഒപ്പം നിര്‍ത്തി ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുകയും ചെയ്തു. ജ്യോത്സ്യന്റെ നാലര പവന്റെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും പണവും കൈക്കലാക്കി. 20 ലക്ഷം രൂപ ആവശ്യപ്പെടുകയും കൊടുത്തില്ലെങ്കില്‍ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്നും ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേര്‍ വീട്ടിലുണ്ടായിരുന്നു.
എന്നാല്‍, മറ്റൊരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നു പ്രതീഷിന്റെ വീട്ടില്‍ പൊലീസ് എത്തിയതാണു സംഭവങ്ങള്‍ക്ക് അപ്രതീക്ഷിത തിരിവുണ്ടാക്കിയത്. പൊലീസിനെ കണ്ട് വീട്ടിലുണ്ടായിരുന്നവര്‍ കടന്നുകളഞ്ഞു.
പൊലീസും പിറകെ ഓടി. 2 പേരെ പിടികൂടിയെങ്കിലും അവര്‍ തിരഞ്ഞെത്തിയ പ്രതിയെ കിട്ടിയില്ല. എന്നാല്‍, വീടിനകത്തു നടന്ന സംഭവം അറിയാതെ ചിറ്റൂര്‍ പൊലീസ് തിരികെ പോവുകയും ചെയ്തു. തട്ടിപ്പു സംഘത്തില്‍ ഉണ്ടായിരുന്നവര്‍ വീട്ടില്‍ നിന്ന് ഓടിയ തക്കത്തിലാണു ജ്യോത്സ്യന്‍ രക്ഷപ്പെട്ടത്. ചിതറിയോടിയ സ്ത്രീകളില്‍ ഒരാള്‍ മദ്യലഹരിയില്‍ റോഡില്‍ വീണു കിടക്കുന്നതു കണ്ടു ചോദ്യം ചെയ്ത നാട്ടുകാരെ അസഭ്യം പറഞ്ഞതോടെ വിവരം നാട്ടുകാര്‍ കൊഴിഞ്ഞാമ്പാറ പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണു തട്ടിപ്പ് പുറത്തായത്.
അതിനിടെ, രക്ഷപ്പെട്ട് കൊല്ലങ്കോട്ടെ വീട്ടിലെത്തിയ ജ്യോത്സ്യന്‍ പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലെത്തി. കൊല്ലങ്കോട് പൊലീസിന്റെ നിര്‍ദേശപ്രകാരം കൊഴിഞ്ഞാമ്പാറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ മൈമുനയും മറ്റൊരു സ്ത്രീയും ഉള്‍പ്പെടെ 9 പേരുണ്ടെന്നും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു. പൊലീസിനെ കണ്ട് ഓടിയ പ്രതികളില്‍ ഒരാള്‍ കാലിനു ഗുരുതരമായി പരുക്കേറ്റ് വിളയോടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.