CrimeNEWS

കുളിമുറിദൃശ്യം പകര്‍ത്തി ബ്ലാക്ക്‌മെയില്‍; വിദ്യാര്‍ഥിനിയെ ഏഴുപേര്‍ നിരന്തരം ബലാത്സംഗം ചെയ്തത് 16 മാസം

അഹമ്മദാബാദ്: ഗുജറാത്തില്‍ കോളേജ് വിദ്യാര്‍ഥിനിയെ 16 മാസത്തോളം കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. ബനാസ്‌കന്ധ സ്വദേശിനിയായ 20 വയസ്സുകാരിയാണ് ഏഴുപേര്‍ ചേര്‍ന്ന് മാസങ്ങളോളം ബലാത്സംഗം ചെയ്തെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്ത് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

2023-ല്‍ പെണ്‍കുട്ടി പാലന്‍പുരിലെ കോളേജില്‍ പ്രവേശനം തേടിയതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. കേസിലെ മുഖ്യപ്രതിയായ വിശാല്‍ ചൗധരി എന്നയാള്‍ ഈ സമയത്താണ് വിദ്യാര്‍ഥിനിയുമായി ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായത്. 2023 നവംബറില്‍ ഇയാള്‍ വിദ്യാര്‍ഥിനിയെ ഒരുമിച്ച് ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലിലേക്ക് ക്ഷണിച്ചു.

Signature-ad

ഭക്ഷണം കഴിക്കുന്നതിനിടെ പ്രതി മനഃപൂര്‍വം വിദ്യാര്‍ഥിനിയുടെ വസ്ത്രത്തിലേക്ക് ഭക്ഷണം ചൊരിഞ്ഞു. തുടര്‍ന്ന് വസ്ത്രം വൃത്തിയാക്കാനെന്ന വ്യാജേന ഹോട്ടലിലെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ കുളിമുറിയില്‍വെച്ച് വിദ്യാര്‍ഥിനി വസ്ത്രം മാറുന്നതിനിടെ വിശാല്‍ ചൗധരിയും കുളിമുറിയിലേക്ക് അതിക്രമിച്ചുകയറി. പിന്നാലെ ഇയാള്‍ വിദ്യാര്‍ഥിനിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി. വിദ്യാര്‍ഥിനി ഇതിനെ എതിര്‍ത്തതോടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുമെന്നായിരുന്നു പ്രതിയുടെ ഭീഷണി. തുടര്‍ന്ന് ഇതേ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തിയാണ് പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.

ഇതിനുപിന്നാലെ തന്റെ സുഹൃത്തുക്കള്‍ക്കും പ്രതി പെണ്‍കുട്ടിയെ കൈമാറി. 2023 നവംബര്‍ മുതല്‍ 2025 ഫെബ്രുവരി വരെ പലയിടങ്ങളിലായി ഇവരെല്ലാം ഒട്ടേറെ തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം.

സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരേയും മറ്റൊരാള്‍ക്കെതിരേയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും ഇവരെ ഉടന്‍ പിടികൂടുമെന്നും പാലന്‍പുര്‍ പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: