
ബംഗളൂരു: കന്നഡ നടി രന്യ റാവു പ്രതിയായ സ്വര്‍ണക്കടത്തു കേസില്‍ സിഐഡി (ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ്) അന്വേഷണ ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു. തിങ്കളാഴ്ച രാത്രി ഇറക്കിയ ഉത്തരവ് രണ്ടു ദിവസങ്ങള്‍ക്കുശേഷം പിന്‍വലിക്കുകയായിരുന്നു. ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ നിയോഗിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അശ്രദ്ധയെക്കുറിച്ച് അന്വേഷിക്കാനായിരുന്നു ഉത്തരവ്. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.
രന്യയുടെ രണ്ടാനച്ഛന്‍ രാമചന്ദ്ര റാവു കര്‍ണാടക സ്റ്റേറ്റ് പൊലീസ് ഹൗസിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ മാനേജിങ് ഡയറക്ടറാണ്. ഡിജിപി റാങ്കിലുള്ള ഇദ്ദേഹത്തിന്റെ പങ്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും അതുകൊണ്ടാണ് ഉത്തരവ് പിന്‍വലിച്ചതെന്നുമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നിലപാട്.

സ്വര്‍ണക്കടത്തില്‍ പ്രോട്ടോക്കോള്‍ അവകാശങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും റാവുവിന് പങ്കുണ്ടോ എന്നും ഗുപ്ത അന്വേഷിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, രന്യയുടെ സ്വര്‍ണക്കടത്ത് കേസിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നായിരുന്നു രാമചന്ദ്ര റാവുവിന്റെ പ്രതികരണം.