CrimeNEWS

ഷൈനി വായ്പയെടുത്തത് അമ്മായിയച്ഛന്റെ ചികിത്സയ്ക്ക്; തിരിച്ചടയ്ക്കാന്‍ തുനിയാതെ നോബിയും കുടുംബവും; നട്ടംതിരിഞ്ഞ് കുടുംബശ്രീ അംഗങ്ങള്‍

കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയ്ക്ക് കാരണമായത് ഭര്‍ത്താവ് നോബിയുടേയും കുടുംബത്തിന്റേയും ക്രൂരത തന്നെ. ഷൈനി വായ്പ എടുത്തത് ഭര്‍ത്താവിന്റെ അച്ഛന്റെ ചികിത്സയ്ക്കാണെന്ന് ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങള്‍ പറഞ്ഞു. വായ്പ തിരിച്ചടവ് മുടങ്ങിയതിനാല്‍ കേസ് കൊടുത്തിരുന്നു. എന്നാല്‍ തിരിച്ചടയ്ക്കാന്‍ നോബിയും കുടുംബവും തയാറായില്ല. ഷൈനിയുടെ ആവശ്യത്തിനാണ് പണം എടുത്തതെന്ന് പറഞ്ഞ് നോബിയും കുടുംബവും കയ്യൊഴിയുകയായിരുന്നെന്നും കുടുംബശ്രീ അംഗങ്ങള്‍ പറഞ്ഞു. ഇതോടെ എല്ലാ അര്‍ത്ഥത്തിലും ഷൈനിയെ അവര്‍ ചതിച്ചു. ഇതിന്റെ പ്രതിഫലനമായിരുന്നു ആ ആത്മഹത്യകള്‍. ഇതോടെ പോലീസില്‍ പരാതി നല്‍കിയത് കുടുംബ ശ്രീക്കാരാണെന്നും വ്യക്തമായി.

”ഷൈനി കുടുംബശ്രീയില്‍ നിന്ന് പണം വായ്പയെടുത്തത് ഭര്‍ത്താവിന്റെ അച്ഛന്റെ ചികിത്സയ്ക്കും വീട് പുതുക്കാനുമായിരുന്നു. ജൂണ്‍ വരെ പണം തിരിച്ചടച്ചിരുന്നു. വീട്ടില്‍ നിന്ന് പോയതോടെ പണം അടയ്ക്കാതെയായി. വായ്പ മുടങ്ങിയതോടെ നിക്ഷേപത്തില്‍ നിന്നെടുത്ത് കുടുംബശ്രീ അംഗങ്ങളാണ് പണം തിരിച്ചടച്ചത്. നോബിയും കുടുംബവും പണം തിരിച്ചടയ്ക്കില്ലെന്നു പറഞ്ഞു. ഷൈനിയുടെ പേരിലുള്ള രണ്ട് വാഹനങ്ങളുടെ ഉടമസ്ഥതയും ഇന്‍ഷുറന്‍സും കൈമാറാന്‍ നോബിയും കുടുംബവും ഷൈനിയോട് ആവശ്യപ്പെട്ടിരുന്നു. ഇതു തിരിച്ചു നല്‍കുന്ന മുറയ്ക്ക് വായ്പ തിരിച്ചടയ്ക്കുമെന്നാണ് പറഞ്ഞത്. പണം അടയ്ക്കാന്‍ നിര്‍വാഹമില്ലെന്നും അതുകൊണ്ട് പൊലീസില്‍ പരാതി നല്‍കാനും പറഞ്ഞത് ഷൈനിയാണ്” -കുടുംബശ്രീ അംഗങ്ങള്‍ പറഞ്ഞു.

Signature-ad

ഷൈനി മരിച്ചതോടെ വായ്പ തുക എങ്ങനെ തിരിച്ചടയ്ക്കണം എന്ന ആശങ്ക കരിങ്കുന്നത്തെ പുലരി കുടുംബശ്രീയക്കുണ്ട്. 1,26,000 രൂപയാണ് വായ്പ ഇനത്തില്‍ ഇനി അടയ്ക്കാനുള്ളത്. ഈ തുക നോബിയും കുടുംബവും ഇനിയെങ്കിലും നല്‍കുമോ എന്നതാണ് ഉയരുന്ന ചോദ്യം. മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശേഷം ഷൈനി പണം തിരിച്ചടച്ചു തുടങ്ങിയിരുന്നു. കുടുംബശ്രീ യൂണിറ്റിന് ഇപ്പോഴും ഒരു ലക്ഷത്തി ഇരുപത്തിയാറായിരം രൂപ ബാധ്യത ഉണ്ട്. ഷൈനി മരിച്ചതോടെ ഇതെങ്ങനെ പരിഹരിക്കും എന്ന് അറിയില്ല. ഷൈനി വീട്ടില്‍ അനുഭവിച്ച പ്രശ്നങ്ങള്‍ ഒരിക്കലും പറഞ്ഞിരുന്നില്ല എന്നും കരിങ്കുന്നത്തെ പുലരി കുടുംബശ്രീ യൂണിറ്റ് വെളിപ്പെടുത്തി. തൊടുപുഴയില്‍ നിന്ന് പോയ ശേഷമാണ് ലോണ്‍ മുടങ്ങിയത്. ഭര്‍ത്താവ് പണം നല്‍കാത്തതോടെ ഷൈനിയുടെ അറിവോടെയാണ് കുടുംബശ്രീ അംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയത്.

അതിനിടെ, മൂവരും മരിക്കുന്നതിന് തലേദിവസം ഷൈനിയുടെ ഭര്‍ത്താവ് നോബി ഫോണ്‍ വിളിച്ച് പ്രശ്നമുണ്ടാക്കിയതായി ഷൈനിയുടെ പിതാവ് കുര്യാക്കോസ് പറഞ്ഞു. അവസാനം ‘നീയും കുട്ടികളും പോയി മരിക്കൂ’ എന്ന് നോബി പറഞ്ഞു. ഇതുകേട്ടതിലുണ്ടായ മാനസിക സംഘര്‍ഷം താങ്ങാന്‍ വയ്യാതെയാണ് ഷൈനി ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. സംഭവത്തില്‍, ഷൈനിയുടെ ഭര്‍ത്താവ് നോബിയെ പോലീസ് അറസ്റ്റ് ചെയ്തത് തെളിവ് ശേഖരണത്തിന് ശേഷമാണ്. നോബിയുടെ ഭാര്യ ഷൈനി(42), മക്കളായ അലീന(11), ഇവാന(10) എന്നിവരാണ് തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഏറ്റുമാനൂരിന് സമീപം പാറോലിക്കലില്‍ കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. റെയില്‍വേപാളത്തിലേക്ക് ചാടിയ അമ്മയും മക്കളും ലോക്കോ പൈലറ്റ് നിരന്തരം ഹോണ്‍ മുഴക്കിയിട്ടും പാളത്തില്‍നിന്ന് മാറിയിരുന്നില്ല. അമ്മയെ ചേര്‍ത്തുപിടിച്ചാണ് രണ്ടുമക്കളും പാളത്തിലിരുന്നത്.

പിന്നാലെ ട്രെയിന്‍ ഇവരെ ഇടിച്ചിട്ടുകടന്നുപോയി. ഉടന്‍തന്നെ ലോക്കോ പൈലറ്റ് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ ചിതറിയനിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് ഷൈനിയും മക്കളുമാണെന്ന് തിരിച്ചറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: