KeralaNEWS

കുവൈത്ത് എയര്‍വേസിലെ ദുരിത യാത്ര; ഡോക്ടര്‍ ദമ്പതികള്‍ക്ക് വിമാനക്കമ്പനി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

മലപ്പുറം: കുവൈത്ത് എയര്‍വേസില്‍ ഡോക്ടര്‍ ദമ്പതിമാര്‍ക്കു നേരിട്ട ദുരിതയാത്രയ്ക്ക് വിമാനക്കമ്പനി 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍. വളാഞ്ചേരി സ്വദേശികളായ ഡോ. എന്‍.എം. മുജീബ്‌റഹ്‌മാന്‍, ഡോ. സി.എം. ഷക്കീല എന്നിവര്‍ കുവൈത്ത് എയര്‍വേസിനെതിരേ നല്‍കിയ പരാതിയിലാണ് നഷ്ട പരിഹാരം നല്കാന്‍ ഉത്തരവിട്ടത്.

2023 നവംബര്‍ 30-നും ഡിസംബര്‍ 10-നുമാണ് പരാതിക്കാധാരമായ സംഭവം. നവംബര്‍ 30-ന് കൊച്ചിയില്‍നിന്ന് കുവൈത്ത് വഴി ബാഴ്‌സലോണയിലേക്കും ഡിസംബര്‍ 10-ന് മഡ്രിഡില്‍നിന്ന് തിരിച്ചും യാത്രചെയ്യാന്‍ കുവൈത്ത് എയര്‍വേസില്‍ ബിസിനസ് ക്ലാസില്‍ ഇവര്‍ ടിക്കറ്റ് ബുക്ക്ചെയ്തു. മഡ്രിഡില്‍നിന്ന് കയറിയശേഷമാണ് വിമാനം ദോഹ വഴിയാണ് പോകുന്നതെന്ന് അറിയിച്ചത്. ദോഹയില്‍ ഇവര്‍ക്ക് ബിസിനസ് ക്ലാസ് ടിക്കറ്റില്‍ നല്‍കുന്ന വിശ്രമസൗകര്യമോ ഭക്ഷണമോ നല്‍കിയില്ല. സ്വന്തം ചെലവിലാണ് ഭക്ഷണം വാങ്ങിയത്. തുടര്‍ യാത്രയ്ക്ക് ബോര്‍ഡിങ് പാസ് ലഭിച്ചതിനാല്‍ വിമാനത്തില്‍ കയറിയെങ്കിലും ഇറക്കിവിട്ടു. നേരത്തേ ബുക്ക്ചെയ്തതില്‍നിന്ന് വ്യത്യസ്തമായി 24 മണിക്കൂര്‍ വൈകിയാണ് നാട്ടിലെത്താനായത്. തുടര്‍ന്ന് വിമാനക്കമ്പനിയുടെ സേവനവീഴ്ചയ്ക്കെതിരേ ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കുകയായിരുന്നു.

Signature-ad

കുവൈത്തില്‍ കാലാവസ്ഥ മോശമായതിനാല്‍ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് യാത്ര ദോഹ വഴിയാക്കിയതെന്നും ബോര്‍ഡിങ് പാസ് നല്‍കുമ്പോഴത്തെ ഉപദേശങ്ങള്‍ പാലിക്കാത്തതിനാണ് വിമാനത്തില്‍നിന്ന് ഇറക്കേണ്ടിവന്നതെന്നും സേവനത്തില്‍ വീഴ്ചയില്ലെന്നും വിമാനക്കമ്പനി വാദിച്ചു. വിമാനക്കമ്പനിയുടെ വാദങ്ങള്‍ കമ്മിഷന്‍ തള്ളി. പരാതിക്കാര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും നല്‍കണമെന്ന് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്‍ വിധിച്ചു. ഒരുമാസത്തിനകം വിധി നടപ്പാക്കണം. വീഴ്ചവരുത്തിയാല്‍ പിഴത്തുകയ്ക്ക് ഒന്‍പതുശതമാനം പലിശ നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: