NEWSWorld

നൂറു കണക്കിന് സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ ജാഥയായി നടത്തി; മരണം ആയിരം പിന്നിട്ടു; സിറിയയെ ചോരയില്‍മുക്കി പ്രകാരക്കൊലകള്‍

ഡമാസ്‌കസ്: ഇസ്രയേലില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തിന് ഇസ്രയേല്‍ നല്‍കിയ തിരിച്ചടി ലോകത്തിന്റെ പല കോണുകളില്‍ നിന്നും പ്രതിഷേധങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വലിയ ചര്‍ച്ചയാക്കിയ ആ സംഭവത്തില്‍, ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. എന്നാല്‍, ഏറെ വാര്‍ത്തയാകപ്പെടാതെ മറ്റൊരു കൂട്ടക്കൊല ഇപ്പോള്‍ സിറിയയില്‍ നടക്കുകയാണ്. ക്രൂരമായ പ്രതികാര കൊലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആയിരത്തില്‍ അധികം പേരാണ് സിറിയയില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

പുറത്താക്കപ്പെട്ട മുന്‍ പ്രസിഡണ്ട് ബാഷര്‍ അസ്സദിന്റെ അനുയായികളും പുതിയ ഭരണകൂടത്തെ അനുകൂലിക്കുന്നവരും തമ്മില്‍ കൊടും സംഘര്‍ഷമാണ് നടക്കുന്നത്. കൂട്ടക്കൊലകളില്‍ 745 സിവിലിയന്മാര്‍ കൊല്ലപ്പെട്ടപ്പോള്‍ 125 സുരക്ഷാ സൈനികരും 148 ഭീകരന്മാരും കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്സ് പറയുന്നു. അസ്സദുമായി ബന്ധമുള്ള സായുധ സേനയിലെ അംഗങ്ങളാണ് ഈ ഭീകരര്‍.

Signature-ad

അതിനു പുറമെ, ലടാകിയ നഗരത്തില്‍ വൈദ്യുതിയും ശുദ്ധജല വിതരണവും നിര്‍ത്തിവെച്ചിരിക്കുകയാണ് എന്നും അവര്‍ പറയുന്നു. 14 വര്‍ഷം മുന്‍പ് തുടങ്ങിയ സിറിയന്‍ ആഭ്യന്തര കലാപത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീകരമായ ആക്രമണങ്ങള്‍ക്കാണ് വ്യാഴാഴ്ച തുടക്കം കുറിച്ചത്. മൂന്ന് മാസം മുന്‍പ്, അസ്സദിനെ പുറത്താക്കി ഡമാസ്‌കസില്‍ അധികാരത്തിലെത്തിയ പുതിയ സര്‍ക്കാരിന് കടുത്ത വെല്ലുവിളിയാണ് ഈ ആക്രമണങ്ങള്‍ ഉയര്‍ത്തുന്നത്. സ്ത്രീകള്‍ക്കെതിരെയും കൊടും ക്രൂരതകളാണ് അരങ്ങേറുന്നതെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നു.

നഗ്‌നരായി നിരത്തിലൂടെ നടക്കാന്‍ നിര്‍ബന്ധിതരാക്കി സ്ത്രീകളെ വെടിവെച്ചു കൊല്ലുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ സര്‍ക്കാരിനോട് കൂറു പുലര്‍ത്തുന്ന സുന്നി പടയാളികളാണ് അസ്സദിനെ പിന്തുണക്കുന്ന അലാവൈറ്റ് വിഭാഗത്തിന് നേരെ ആദ്യമായി അക്രമം അഴിച്ചു വിട്ടതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലയിടങ്ങളിലും നിരത്തുകളിലും വീടുകള്‍ക്കുള്ളിലും മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ചിലയിടങ്ങളില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതിനെ അക്രമികള്‍ തടയുകയും ചെയ്യുന്നുണ്ട്.

അക്രമം അതിന്റെ മൂര്‍ദ്ധന്യതയിലെത്തിയ ബനിയാസ് നഗരത്തില്‍ പലരും പലായനം ചെയ്യുകയാണ്. അസ്സാദ് സര്‍ക്കാര്‍ ചെയ്ത ക്രൂരതകള്‍ക്കുള്ള പ്രതികാരമായാണ് അലവൈറ്റ് സമൂഹത്തെ ആക്രമിക്കുന്നത് എന്നാണ് ചില പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: