NEWSWorld

കുല്‍ഭൂഷന്‍ ജാദവിനെ തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ച മതപണ്ഡിതന്‍ വെടിയേറ്റ് മരിച്ചു

ഇസ്ലാമാബാദ്: മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെ തട്ടികൊണ്ടുപോകാന്‍ പാകിസ്താനിലെ ചാരസംഘടനയായ ഐ.എസ്.ഐയെ സഹായിച്ച മതപണ്ഡിതന്‍ വെടിയേറ്റ് മരിച്ചു. മുഫ്തി ഷാ മിര്‍ ആണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ബലൂചിസ്ഥാനില്‍ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ബലൂചിസ്ഥാനിലെ പ്രമുഖ മതപണ്ഡിതനായ മുഫ്തി ഷാ മിറിന് നേരെ മുന്‍പ് രണ്ടുതവണയും ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തുര്‍ബത്തിലെ ഒരു പള്ളിയില്‍ രാത്രി പ്രാര്‍ത്ഥനയ്ക്ക് ശേഷം പുറത്തിറങ്ങിയ മുഫ്തിക്ക് നേരെ അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Signature-ad

ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (ജെയുഐ) അംഗമായിരുന്ന മുഫ്തി മത പഠനത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഐഎസ്ഐയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മുഫ്തി, പാകിസ്താനിലെ ഭീകരവാദികളുടെ ക്യാംപുകള്‍ സന്ദര്‍ശിക്കുകയും ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ സഹായിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ആഴ്ച ജാമിയത്ത് ഉലമ-ഇ-ഇസ്ലാം പാര്‍ട്ടിയിലെ രണ്ടുപേര്‍ വെടിയേറ്റ് മരിച്ചിരുന്നു.

നാവികസേനയില്‍ നിന്ന് വിരമിച്ച ശേഷം ഇറാനിലെ ചബഹാറില്‍ കച്ചവടം നടത്തിയിരുന്ന കുല്‍ഭൂഷന്‍ ജാദവ്, 2017-ല്‍ ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി ശിക്ഷിച്ചതിനെത്തുടര്‍ന്ന് വധശിക്ഷ കാത്തുകഴിയുകയാണ്. വധശിക്ഷയ്ക്ക് എതിരേ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു. 2016-ല്‍ ഇറാന്‍-പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപത്തുനിന്നാണ് കുല്‍ഭൂഷന്‍ ജാദവിനെ തട്ടികൊണ്ടുപോയി പാകിസ്താന്‍ സൈന്യത്തിന് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: