
മലയാള സിനിമയിലെ കരുത്തനായ അഭിനേതാവാണ് സായ് കുമാർ, ഭാര്യബിന്ദു പണിക്കരും നടന കലയുടെ കാമ്പറിഞ്ഞ കലാകാരിയാണ്. വർഷങ്ങളായി തങ്ങളെ അലട്ടുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ് താരങ്ങൾ. കാൽപ്പാദങ്ങളിലെ സ്പർശനശേഷി നഷ്ടപ്പെടുകയും, നടക്കാൻ ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ചും, കിഡ്‌നിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ഇരുവരും വിശദീകരിച്ചു.
തങ്ങൾക്ക് ഈ അസുഖം ആരംഭിച്ചത് 6 വർഷം മുമ്പാണെന്നും, പല ഡോക്ടർമാരെ സമീപിച്ചിട്ടും രോഗം എന്തെന്ന് കണ്ടെത്താൻ സാധിച്ചില്ലെന്നും സായ് കുമാർ പറഞ്ഞു:
”പലയിടത്തും പലരെയും പോയി കണ്ടു. അപ്പോഴൊന്നും ഇത് എന്താണ് സംഭവമെന്ന് ആരും പറഞ്ഞില്ല. ബ്ലഡിന്റെ റീ സൈക്കിളിംഗ് കുറവാണ് എന്നായിരുന്നു എല്ലാവരും പറഞ്ഞത്. അതിനൊരു പ്രതിവിധി ഇല്ലേ? അതില്ല. കുറച്ച് ഗുളിക തരും അത് കഴിക്കും. യാതൊരു കുറവുമില്ല. ആന്റിബയോട്ടിക് ആയിരുന്നു അതെല്ലാം. പിന്നീട് ആ ഗുളികകൾ നിർത്തി. വേദനയോട് പൊരുത്തപ്പെട്ടു.”

തുടക്കത്തിൽ വേദനയോട് പൊരുത്തപ്പെട്ട് മുന്നോട്ട് പോയെങ്കിലും പിന്നീട് കാര്യങ്ങൾ കൂടുതൽ ഗുരുതരമായി.
”ഞങ്ങൾ കൈപിടിച്ചായിരുന്നു നടന്നു കൊണ്ടിരുന്നത്. ആദ്യമൊക്കെ വിടുമായിരുന്നു. പിന്നീട് കൈപിടിക്കാതെ നടക്കാൻ പറ്റാതായി. ഇപ്പോൾ ഒരുപാട് വ്യത്യാസം വന്നു. കാലിൽ തൊടുന്നത് പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു.”
അദ്ദേഹം വിശദീകരിച്ചു. രണ്ടുപേർ കൈപിടിച്ചാൽ പോലും എഴുന്നേറ്റ് നിൽക്കാൻ പറ്റാത്ത അവസ്ഥയിൽ നിന്നും ഇപ്പോൾ തനിയെ നടക്കാൻ സാധിക്കുന്നുണ്ടെന്നും അത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും താരങ്ങൾ പറയുന്നു. ശില സന്തോഷ് എന്ന വ്യക്തിയാണ് ഇപ്പോഴത്തെ ചികിത്സയെക്കുറിച്ച് പറഞ്ഞതെന്നു താരങ്ങൾ അറിയിച്ചു.
ബിന്ദു പണിക്കർക്കും സമാനമായ ആരോഗ്യപ്രശ്നങ്ങളുണ്ട്. കാൽപ്പാദങ്ങളിലെ ബുദ്ധിമുട്ടുകൾക്ക് പുറമെ കിഡ്‌നിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അലട്ടുന്നുണ്ടെന്നു താരങ്ങൾ വെളിപ്പെടുത്തി. ഇരുവരും പരസ്പരം താങ്ങും തണലുമായി ഒത്തൊരുമയോടെയാണ് ഈ പ്രതിസന്ധി ഘട്ടത്തെ നേരിടുന്നത്. നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളിലൂടെ താരങ്ങൾക്ക് പിന്തുണയും പ്രാർത്ഥനയും അറിയിക്കുന്നുണ്ട്.