
മലപ്പുറത്തെ താനൂരിൽ നിന്ന് നാടുവിട്ടു പോയി പൂനെയിൽ കണ്ടെത്തിയ പെൺകുട്ടികളെ നാട്ടിലെത്തിച്ചു. മാതാപിതാക്കളും ബന്ധുക്കളും ചേർന്നാണ് കുട്ടികളെ സ്വീകരിച്ചത്. കുട്ടികളെ മുംബൈയിലേയ്ക്കു കുട്ടിക്കൊണ്ടു പോയ എടവണ്ണ സ്വദേശി ആലുങ്ങൽ അക്ബര്‍ റഹീമിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിൽ നിന്ന് നാട്ടിലെത്തിയ ഇയാളെ ചോദ്യം ചെയ്യാനായി തിരൂരിൽ വച്ച് പൊലീസ് കസ്റ്റടിയിൽ എടുത്തിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് സ്കൂളിൽ പരീക്ഷയെഴുതാൻ പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പ്ലസ് വൺ വിദ്യാര്‍ത്ഥിനികളെ കാണാതായത്. കുട്ടികള്‍ സ്കൂളിൽ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. തലേദിവസം ഇരുവരും സ്കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു. ബുധനാഴ്ച ഒരാള്‍ക്ക് മാത്രമാണ് പരീക്ഷ ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ മുംബൈ ലോണാവാലയിൽ നിന്ന് കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലോണാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് പെൺകുട്ടികളെ കണ്ടെത്തിയത്. .

പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് വകുപ്പുകൾ ചുമത്തിയാണ് അക്ബര്‍ റഹീമിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടികൊണ്ട് പോകൽ, പോക്സോ ആക്ട് പ്രകാരമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് പിന്തുടരൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ ഒരു പെൺകുട്ടിയെ പരിചയപ്പെട്ടത്. വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാൻ കഴിയില്ലെന്നും ആ പെൺകുട്ടി പറഞ്ഞത്രേ. എന്തായാലും കേവലം 16 വയസുമാത്രമുള്ള 2 പെൺകുട്ടികളെ മുംബൈയിലേക്കു കൂട്ടിക്കൊണ്ടു പോയത് എന്തിനെന്ന ചോദ്യം അവശേഷിക്കുകയാണ്.
അതേസമയം പെൺകുട്ടികളുടെ മൊഴിയെടുപ്പ് പൂർത്തിയായതായി പൊലീസ് അറിയിച്ചു.