
എറണാകുളം: തൃപ്പൂണിത്തുറയില്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ പത്താം ക്ലാസുകാരന്റെ മൂക്കിടിച്ച് തകര്‍ത്തു. സുഹൃത്തിന്റെ പ്രണയത്തകര്‍ച്ചയുടെ വിവരം പുറത്തു പറഞ്ഞതിന്റെ പകയിലാണ് വിദ്യാര്‍ഥിയെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചത്. ഈ മാസം മൂന്നിനാണ് ചിന്മയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ കാഞ്ഞിരമറ്റം സ്വദേശിയെ 5 പ്ലസ്ടു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചത്. ആക്രമണത്തില്‍ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായ കുട്ടി ഇപ്പോഴും ആശുപത്രിയിലാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട 5 പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയായ ആളാണ്.
സ്‌കൂളിലെ ഒരു പ്ലസ്ടു വിദ്യാര്‍ഥിയും പത്താം ക്ലാസ് വിദ്യാര്‍ഥിനിയും തമ്മിലുണ്ടായിരുന്ന അടുപ്പം അടുത്തിടെ അവസാനിപ്പിച്ചിരുന്നു. മര്‍ദനമേറ്റ വിദ്യാര്‍ഥി ഇക്കാര്യം തന്റെ മറ്റൊരു സുഹൃത്തിനോട് പറഞ്ഞു. പ്രണയ നഷ്ടം സംഭവിച്ച പ്ലസ്ടു വിദ്യാര്‍ഥിയുടെ ഒരു സുഹൃത്ത് ഈ വിവരം അറിഞ്ഞതോടെ തന്റെ മറ്റു സുഹൃത്തുക്കളെയും കൂട്ടി പത്താം ക്ലാസുകാരനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

മൂക്കിന് ഇടിയേറ്റതിനെ തുടര്‍ന്ന് ചോരയൊലിപ്പിച്ചിരുന്ന കുട്ടിയെ മാതാപിതാക്കള്‍ എത്തിയതിനു ശേഷമാണ് ആശുപത്രിയില്‍ കൊണ്ടുപോയത് എന്നും ആരോപണമുണ്ട്. അതുവരെ ഐസ് വച്ച് കുട്ടിയെ സ്‌കൂളില്‍ തന്നെ ഇരുത്തിയിരിക്കുകയായിരുന്നു.