
മലപ്പുറം: നിലമ്പൂരില്‍ 80 വയസുള്ള വൃദ്ധയെ മദ്യപിച്ചെത്തിയ അയല്‍വാസി ക്രൂരമായി മര്‍ദിച്ചു. നിലമ്പൂര്‍ സിഎച്ച് നഗറിലെ പാട്ടത്തൊടി വീട്ടില്‍ ഇന്ദ്രാണി ടീച്ചര്‍ക്കാണ് മര്‍ദനമേറ്റത്. സംരക്ഷിക്കാന്‍ മകന്‍ ചുമതലപ്പെടുത്തിയ അയല്‍വാസി ഷാജിയാണ് ഇന്ദ്രാണിയെ മര്‍ദിച്ചത്.
നിലമ്പൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണും വാര്‍ഡ് കൗണ്‍സിലറും സംഭവസ്ഥലത്തെത്തി ഇന്ദ്രാണിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിലമ്പൂര്‍ പൊലീസിലും പരാതി നല്‍കി. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അയല്‍വാസികള്‍ പകര്‍ത്തിയത് പുറത്ത് വന്നിട്ടുണ്ട്. ഇവരുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. മുഖത്ത് കടിച്ചതിന്റെ പാടുകളുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൂടുതല്‍ ശാരീരിക പരിശോധന നടത്തുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

മുമ്പ് നൃത്താദ്ധ്യാപികയായിരുന്നു ഇന്ദ്രാണി. ഏക മകന്‍ ജോലിക്ക് പോകുമ്പോള്‍ ഇവരെ നോക്കാന്‍ ഷാജിയെ ഏല്‍പ്പിച്ചിരുന്നുവെന്നാണ് വിവരം. ഇന്ദ്രാണി ടീച്ചറുടെ കരച്ചില്‍ കേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. തുടര്‍ന്ന് ഇവര്‍ അറിയിച്ചതനുസരിച്ച് പൊലീസും ജനപ്രതിനിധികളും എത്തി ഇന്ദ്രാണി ടീച്ചറെ ആശുപത്രിയിലാക്കി. മകന്‍ ഇവരെ നോക്കുന്നില്ലെന്നാണ് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പറയുന്നത്.