CrimeNEWS

അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം, ഭര്‍ത്താവ് നോബി കസ്റ്റഡിയില്‍

കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും പെണ്‍മക്കളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍. പാറോലിക്കല്‍ ഷൈനി കുര്യാക്കോസ് (43), മക്കളായ അലീന (11), ഇവാന (10) എന്നിവരാണ് മരിച്ചത്. തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയുടെയും മക്കളുടെയും ആത്മഹത്യയില്‍ നോബിക്ക് പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. നോബിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഏറ്റുമാനൂര്‍ പാറോലിക്കലില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മക്കളെയും കൂട്ടി ഷൈനി ജീവനൊടുക്കുകയായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം. നോബി ലൂക്കോസുമായി പിരിഞ്ഞു കഴിയുന്ന ഷൈനി പെണ്‍മക്കള്‍ക്കൊപ്പം പറോലിക്കലിലെ സ്വന്തം തറവാട് വീട്ടിലായിരുന്നു കഴിഞ്ഞ ഒമ്പത് മാസമായി താമസം. നഴ്‌സായിരുന്ന ഷൈനി ജോലിയൊന്നും ലഭിക്കാത്തതിനാല്‍ നിരാശയിലായിരുന്നെന്നും വിവരമുണ്ട്. മരിച്ച അലീനയും ഇവാനയും തെള്ളകം ഹോളിക്രോസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. ഷൈനിയുടെ മൂത്ത മകന്‍ എഡ്വിന്‍ എറണാകുളത്ത് സ്പോര്‍ട്‌സ് സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Signature-ad

സംഭവദിവസം പുലര്‍ച്ചെ അഞ്ചരയോടെ പള്ളിയിലേയ്ക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷൈനിയെയും മക്കളെയും പിന്നീട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ നോബിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷൈനിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. കുടുംബ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് തൊടുപുഴ പൊലീസില്‍ പരാതിയില്‍ നല്‍കിയിരുന്നതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ. ഭര്‍ത്താവിന്റെ വീട്ടില്‍ ഷൈനി അതിക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയിരുന്നതെന്നും മരണത്തില്‍ സമഗ്രമായ അന്വഷണം വേണമെന്നും തൊടുപുഴ നഗരസഭ കൗണ്‍സിലറും അയല്‍വാസിയുമായ മെര്‍ലി രാജുവും ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: