
തിരുവനന്തപുരം: നെടുമങ്ങാട് വിതുരയില്‍ 16 കാരനെ സമപ്രായക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. പെണ്‍കുട്ടിയോട് മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. കഴിഞ്ഞ മാസം 16ന് തൊളിക്കോട് പനയ്‌ക്കോട് മേഖലയിലാണ് സംഭവം. പതിനാറുകാരനെ സുഹൃത്തുക്കളായ മൂന്നുപേര്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി സമീപത്തെ വാഴത്തോട്ടത്തില്‍ എത്തിച്ച ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം പത്താംക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നവരാണ് മര്‍ദ്ദിച്ചവരില്‍ രണ്ടുപേര്‍. മറ്റൊരാള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. സംഭവം പുറത്തു പറയരുതെന്ന് പറഞ്ഞ് കുട്ടിയെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്നലമെ മര്‍ദ്ദനമേറ്റ ദൃശ്യങ്ങള്‍ കുട്ടിയുടെ അമ്മയുടെ ഫോണില്‍ കിട്ടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

തുടര്‍ന്ന് മാതാപിതാക്കള്‍ ആര്യനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആര്യനാട് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കി ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കി. രക്ഷിതാക്കള്‍ക്കൊപ്പം ഇവരെ വിട്ടയച്ചു. അടുത്ത ദിവസം കൗണ്‍സലിംഗിന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി.